അജ്ഞാത വൈറസ്; കഴുത്ത് തിരിഞ്ഞ് പക്ഷികൾ

 അജ്ഞാത വൈറസ്; കഴുത്ത് തിരിഞ്ഞ് പക്ഷികൾ

ബ്രിട്ടനിൽ ചിലയിടങ്ങളിൽ പ്രാവുകളെ ബാധിച്ച അജ്ഞാത വൈറസ് രോഗം അവയെ സോംബികൾ പോലുള്ള ജീവികളാക്കി മാറ്റുന്നതായി റിപ്പോർട്ട്. ഹോളിവുഡ്, കൊറിയൻ സിനിമകളിലൂടെയും മറ്റും പ്രേക്ഷകർ‌ക്ക് അറിയാവുന്ന ഭാവനാത്മകമായ ഒരു അവസ്ഥയാണ് സോംബി. ഏതെങ്കിലും വൈറസ് ബാധിച്ച് അജ്ഞാത രോഗം ഉടലെടുക്കുന്ന മനുഷ്യരെയാണ് സോംബികളായി ഈ ചിത്രങ്ങളിൽ കാണിക്കുന്നത്. സോംബികൾക്ക് സ്വബോധവും ബുദ്ധിയും നഷ്ടമായി അവ തോന്നിയത് പോലെ നടക്കുന്നതും മറ്റ് മനുഷ്യരെ ആക്രമിക്കുന്നതുമൊക്കെയുമാണ് സോംബി ജോണറിലുള്ള സിനിമകളിൽ പൊതുവെ കാണിക്കുന്നത്.

ഇപ്പോൾ ബ്രിട്ടനിൽ ഈ വൈറസ് ബാധിച്ചിരിക്കുന്ന പ്രാവുകൾ വട്ടത്തിൽ കറങ്ങിനടക്കുകയും കഴുത്തുവളച്ചു പിന്നോട്ടുവയ്ക്കുകയുമൊക്കെ ചെയ്യുന്നതാണ് ശാസ്ത്രജ്ഞരിൽ അദ്ഭുതപ്പെടുത്തുന്നത്. പലതിനും എഴുന്നേറ്റുനിൽക്കാൻ പോലും സാധിക്കുന്നില്ലെന്ന് അവർ പറയുന്നു. ഇത്തരം രോഗാവസ്ഥയുമായ വരുന്ന പ്രാവുകളുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് ബ്രിട്ടനിലെ ജഴ്സി സൊസൈറ്റി ഫോർ പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ഫോർ ആനിമൽസ് പറയുന്നു. പ്രാവുകളെയും അതിന്റെ വംശത്തിലുള്ള മറ്റുജീവികളെയും കോഴികളെയുമൊക്കെ ബാധിക്കുന്ന പാരമൈക്സോവൈറസാണ് വിചിത്രരോഗത്തിനു പിന്നിലെന്ന് സംശയിക്കപ്പെടുന്നുണ്ട്.

ഈ വൈറസ് ബാധിച്ചുകഴിഞ്ഞ പ്രാവുകൾ വളരെയേറെ മെലിയുകയും മുഖത്ത് പചിച്ച് വരികയും ചെയ്യുന്നുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. കഷ്ടപ്പാടുകളിൽ നിന്ന് ഒഴിവാക്കാനും മറ്റു പ്രാവുകൾക്ക് ഈ രോഗം കൊടുക്കാതിരിക്കാനും ഇവയെ ദയാവധത്തിനു വിധേയമാക്കുകയാണ് ശാസ്ത്രജ്ഞർ ചെയ്യുന്നത്. ബ്രിട്ടനിൽ തണുപ്പുകാലം തുടങ്ങിയതാണ് ഈ രോഗം പ്രാവുകളിൽ വ്യാപകമായി ബാധിക്കാൻ ഇടയാക്കിയതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. തണുപ്പ് ഈ വൈറസിന് വളരെ അനുകൂലമായ സാഹചര്യം സൃഷ്ടിക്കും. ഈ രോഗത്തിനെതിരെ വാക്സീനുണ്ടെങ്കിലും അതു പ്രതിരോധത്തിനു മാത്രമേ പറ്റൂ. രോഗം ബാധിച്ചുകഴിഞ്ഞാൽ പ്രാവുകൾ ചികിത്സയോട് പ്രതികരിക്കാറില്ല. ഈ രോഗം മനുഷ്യരിലേക്ക് പടരില്ലെന്നും ശാസ്ത്രജ്ഞർ വെളിപ്പെടുത്തുന്നു.