വീട്ടമ്മയിൽ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റിൽ
കേക്ക് ബിസിനസിൽ പങ്കാളിയാക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടമ്മയെ കബളിപ്പിച്ച കേസിൽ ഇടുക്കിയിൽ യുവാവ് അറസ്റ്റിൽ. മാങ്കുളം തൊഴുത്തുംകുടിയിൽ വീട്ടിൽ പ്രണവ് ശശിയെ (33) ആണ് മാളികംപീടിക സ്വദേശിനിയായ യുവതിയുടെ പണം അപഹരിച്ചെന്ന പരാതിയെ തുടർന്ന് ആലുവ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഹോംമേഡ് കേക്കുകൾ ഉണ്ടാക്കി വിൽപന നടത്തിയിരുന്ന യുവതിയിൽ നിന്ന് 2020 മുതൽ പ്രണവ് ശശി കേക്ക് വാങ്ങി വിൽപന നടത്തിയിരുന്നു. താൻ വ്യവസായിക അടിസ്ഥാനത്തിൽ കേക്കിന്റെ നിർമാണം ആരംഭിക്കാൻ പോകുന്നുവെന്ന് വീട്ടമ്മയെ ബോധ്യപ്പെടുത്തി ഇപലതവണയായി പണമായും സ്വർണമായും 3,72,500 രൂപ ഇയാൾ കൈക്കലാക്കി. ബിസിനസ് ആരംഭിക്കാതായതോടെ പണവും സ്വർണവും തിരികെ ചോദിച്ച വീട്ടമ്മയെ ഇയാൾ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേതുടർന്ന് വീട്ടമ്മ നൽകിയ പരാതിയെ തുടർന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.