ഇന്ന് ലോക മാനസികാരോഗ്യദിനം
ലോക മാനസികാരോഗ്യ ദിനം എല്ലാ വര്‍ഷവും ഒക്ടോബര്‍ 10 ന് ആഘോഷിക്കുന്നു. കൊറോണ വൈറസ് (COVID 19) മഹാമാരി ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തെ ബാധിച്ചുവെന്ന് ലോകാരോഗ്യ സംഘടനയുടെ വിവിധ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. അത് ഇപ്പോഴും തുടരുകയാണ്. അതുകൊണ്ടാണ് 2022 ലെ ലോക മാനസികാരോഗ്യ ദിനം വളരെ പ്രാധാന്യമര്‍ഹിക്കുന്നത്. ഈ ദിവസം മാനസികാരോഗ്യത്തെക്കുറിച്ച് ആളുകളെ ബോധവല്‍ക്കരിക്കുന്നു. മാനസികാരോഗ്യം സംരക്ഷിക്കുന്നതിലും മെച്ചപ്പെടുത്തുന്നതിലും നാം ശ്രദ്ധ കേന്ദ്രീകരിക്കണം.
മനുഷ്യ ജീവിതത്തില്‍ മാനസികാരോഗ്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ചുകൊണ്ടാണ് എല്ലാ വര്‍ഷവും ഈ ദിനം കടന്നുപോകുന്നത്. ആരോഗ്യമേഖലയില്‍ വിസ്മയകരമായ മാറ്റങ്ങളും പുരോഗതിയും അവകാശപ്പെടുന്ന അത്യാധുനിക കാലഘട്ടത്തിലും മാനസികാരോഗ്യത്തോടുള്ള സമീപനത്തില്‍ ഇനിയും മാറ്റമുണ്ടായിട്ടില്ല. ശരീരത്തോടൊപ്പം മനസ്സും ഏറെ പ്രധാനമാണെങ്കിലും മാനസികാരോഗ്യം പലപ്പോഴും അവഗണിക്കപ്പെടുകയാണ് ചെയ്യുന്നത്. നാലു പേരിൽ ഒരാൾ ജീവിതത്തിൽ പല അവസരങ്ങളിലും മാനസിക അസ്വസ്ഥത അനുഭവിക്കുന്നു. അവരോടു പങ്കുചേർന്ന്, അവരെ മനസ്സിലാക്കി സഹകരിക്കുക എന്നത് ചികിത്സക്കും, സുഖപ്രാപ്തിക്കും, പുനരധിവാസത്തിനും വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്.