അന്താരാഷ്ട്ര വനിതാ ദിനത്തിൽ കേരളത്തിലെ വനിതാ സംരംഭകർ ഒത്തുചേരുന്നു
കേരള സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 8 ആം തീയതി അന്താരാഷ്ട്ര വനിതാ ദിനത്തിൽ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട വനിതാ സംരംഭകർ ഒത്തുചേരുന്നു. സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി സംരംഭങ്ങൾ ആരംഭിച്ചവർ ഉൾപ്പെടെയുള്ള വനിതാ സംരംഭകരാണ് പരിപാടിയിൽ പങ്കെടുക്കുക. ആരോഗ്യ, സ്ത്രീ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് സംഗമം ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി രാജീവ് അധ്യക്ഷനാകും. ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണി എന്നിവരും പരിപാടിയിൽ പങ്കെടുക്കും.
കേരളത്തിലെ നിലവിലെ സംരംഭക സൗഹാർദ്ദ നയങ്ങളും സംരംഭക സൗഹൃദാന്തരീക്ഷവും വെളിപ്പെടുത്തുന്നതാകും വനിതാ സംരംഭക സംഗമമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. കേരള സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ ചരിത്രം സൃഷ്ടിച്ച സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി 43,000 ലധികം വനിതകളാണ് പുതു സംരംഭങ്ങൾ ആരംഭിച്ചത്. സമൂഹത്തിലെ എല്ലാ മേഖലകളിലും തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിക്കുന്ന കേരളത്തിലെ വനിതകൾക്ക് പ്രചോദനവും ആത്മവിശ്വാസവും ഏകുന്ന ഒന്നാകും 500 ലധികം വനിതാസംരംഭകർ ഒരുമിക്കുന്ന വനിതാ സംരംഭക സംഗമം.
കേരളത്തിൻ്റെ ചരിത്രത്തിൽ വ്യവസായമേഖലയിൽ സംഘടിപ്പിച്ച ഏറ്റവും വിപുലമായ പദ്ധതിയാണ് സംരംഭക വർഷം. 8 മാസം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങളാരംഭിച്ച കേരളത്തിൻ്റെ സംരംഭക വർഷം പദ്ധതി ദേശീയ അംഗീകാരവും നേടിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷത വഹിച്ച സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ ദേശീയ കോൺഫറൻസിൽ രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസായി തെരഞ്ഞെടുക്കപ്പെട്ട സംരംഭക വർഷം പദ്ധതിയിലൂടെ ഇതുവരെയായി 1,34,987 സംരംഭങ്ങളും 8055.42 കോടിയുടെ നിക്ഷേപവും 2,89,397 തൊഴിലും ഉണ്ടായത് അഭിമാനകരമായ നേട്ടമാണ്. സംരംഭങ്ങള്‍ രൂപീകരിക്കാനെടുത്ത ചുരുങ്ങിയ സമയം, സര്‍ക്കാര്‍ ഒരുക്കി നല്‍കിയ പശ്ചാത്തല സൗകര്യങ്ങള്‍, പുതുതായി സംരംഭകത്വത്തിലേക്ക് വന്ന വനിതകളുടെ എണ്ണം തുടങ്ങി പല മാനങ്ങള്‍ കൊണ്ട് രാജ്യത്ത് തന്നെ പുതു ചരിത്രമാണ് നമ്മുടെ സംരംഭക വർഷം പദ്ധതി.
വനിതാ ദിനത്തിൽ നടക്കുന്ന പരിപാടിയിൽ വച്ച് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രെണർഷിപ് ഡെവലപ്മെന്റ് (കീഡ്) ന്റെ ഇ ഡി ക്ലബുകളുടെ രെജിസ്ട്രേഷൻ പോർട്ടലിന്റെ ഉദ്ഘാടനവും വ്യവസായ വാണിജ്യ വകുപ്പിന്റെ വ്യവസായ ജാലകം മാഗസിന്റെ ഓൺലൈൻ പോർട്ടലിന്റെ ഉദ്ഘാടനവും സംഘടിപ്പിക്കും. തിരുവനന്തപുരം ഇടപ്പഴിഞ്ഞി ആർ ഡി ആർ കൺവെൻഷൻ സെന്ററിൽ രാവിലെ 9.30 നാണ് പരിപാടി സംഘടിപ്പിക്കുന്നത്.