കഴുത്ത് മുറിച്ച് മാറ്റിയ നിലയിൽ ;ദൃശ്യങ്ങൾ പങ്കുവെച്ച് യുവാവ്
ദില്ലിയിൽ ഒപ്പം താമസിച്ചിരുന്ന പങ്കാളിയെ കൊലപ്പെടുത്തി, കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവം നടന്നിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. മറ്റൊരു അരുംകൊലയുടെ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. മധ്യപ്രദേശിലാണ് സംഭവം. യുവതിയെ കഴുത്തറത്ത് കൊന്ന് വീഡിയോ ദൃശ്യങ്ങൾ ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരിക്കുകയാണ് യുവാവ്. ഒരാഴ്ച മുമ്പായിരുന്നു സംഭവം നടന്നത്. ശിൽപ ജാരിയ എന്ന യുവതിയാണ് കൊല ചെയ്യപ്പെട്ടത്. പ്രതിയായ അഭിജിത് പതിദാറിനായി അന്വേഷണം ഊർജ്ജിതപ്പെടുത്തിയതായി പൊലീസ് വ്യക്തമാക്കി. ജബൽപൂരിലെ മേഖ്ല റിസോർട്ടിലെ മുറിയിൽ നിന്നാണ് രക്തം പുരണ്ട മൃതദേഹം കണ്ടെത്തിയത്.
സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ, വിശ്വാസവഞ്ചന കാണിക്കരുത് എന്ന് അഭിജിത്ത് പറയുന്നത് കേൾക്കാം. ഒപ്പം കഴുത്ത് മുറിച്ച് മാറ്റിയ നിലയിൽ, കട്ടിലിൽ കിടക്കുന്ന മൃതദേഹത്തെ പുതപ്പുയർത്തി മാറ്റി കാണിക്കുന്നുണ്ട്. മറ്റൊരു വീഡിയോയിൽ താൻ പട്നയിൽ നിന്നുള്ള വ്യാപാരിയാണെന്ന് അഭിജിത് സ്വയം പരിചയപ്പെടുത്തുന്നുണ്ട്. തന്റെ ബിസിനസ് പങ്കാളിയായ ജിതേന്ദ്ര കുമാറുമായി ശിൽപക്ക് ബന്ധമുണ്ടെന്നാണ് ഇയാളുടെ ആരോപണം. ജിതേന്ദ്രയിൽ നിന്ന് ഏകദേശം 12 ലക്ഷം രൂപ കടം വാങ്ങി ശിൽപ ജബൽപൂരിലേക്ക് രക്ഷപ്പെട്ടതായി അഭിജിത്ത് പറഞ്ഞു.