ഓപ്പറേഷൻ വൈറ്റ് കാർപെറ്റ്; സിറ്റി പൊലീസിൻ്റെ പുതിയ പദ്ധതി

 ഓപ്പറേഷൻ വൈറ്റ് കാർപെറ്റ്; സിറ്റി പൊലീസിൻ്റെ പുതിയ പദ്ധതി

നഗരത്തിൽ ഉടനീളം കാൽനടയാത്രക്കാർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ നടപ്പാത ഒരുക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം സിറ്റി പൊലീസിൻ്റെ ഓപ്പറേഷൻ വൈറ്റ് കാർപെറ്റ് പദ്ധതി. ഗതാഗത കുരുക്ക് ഒഴിവാക്കാൻ നടപാതയിലൂടെ ഇരുചക്ര വാഹനം ഓടിക്കുന്നവർക്കെതിരെയും നടപാതകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്ക് എതിരെയും കർശന നടപടി സ്വീകരിക്കും. ഇങ്ങനെയുള്ളവരുടെ ഡ്രൈവിംഗ് ലൈസൻസും വാഹനത്തിൻറെ രജിസ്ട്രേഷനും റദ്ദ് ചെയ്യുന്നത് ഉൾപ്പടെയുള്ള നടപടികളഉണ്ടാകുമെന്നും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.

നഗരത്തിലെ വിവിധ സ്ഥലങ്ങളിലെ നടപാതകളിലെ കച്ചവടങ്ങളും കയ്യേറ്റങ്ങളും കണ്ടെത്തി ബോധവൽക്കരണം നടത്തി ഫുട്പാത്ത് കയ്യേറ്റങ്ങളും റോഡ് കയ്യേറ്റങ്ങളും ഒഴിവാക്കുക എന്നുള്ളതാണ് ആദ്യത്തെ നടപടി. ഇതിൻ്റെ ഭാഗമായി ഒരു മാസം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾ ആണ് ഇന്ന് മുതൽ തിരുവനന്തപുരം സിറ്റി പൊലീസ് ആരംഭിക്കുന്നത്. വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളും നഗരത്തിലെ വിവിധ ഓഫീസുകളിൽ ജോലിനോക്കുന്ന ജീവനക്കാരും ഉൾപ്പടെ വലിയ വിഭാഗം വരുന്ന കാൽനട യാത്രക്കാർക്ക് അപകടം കൂടാതെ റോഡ് മുറിച്ച് കടക്കുന്നതിനും ഫുട്പാത്തിലൂടെ സൗകര്യപ്രദമായി നടന്നു പോകുന്നതിനും സൗകര്യമൊരുക്കുന്നതിന് വേണ്ടിയും കാൽനട യാത്രക്കാർക്ക് വാഹനങ്ങൾ ഇടിച്ച് പരിക്കേൽക്കാതിരിക്കുന്നതിനും വേണ്ടിയാണ് പദ്ധതി.