വെബ് സമ്മിറ്റ് ഖത്തർ വേദിയാവും
ലോകത്തെ ഏറ്റവും വലിയ ടെക്നോളജി സമ്മേളനമായ ‘വെബ് സമ്മിറ്റി’ന് ഖത്തർ ആതിഥേയത്വമൊരുക്കും. അടുത്തവർഷം മാർച്ചിലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി സാങ്കേതിക വിദഗ്ധരും ശാസ്ത്രകാരന്മാരും രാഷ്ട്ര നേതാക്കളുമെല്ലാം പങ്കെടുക്കുന്ന സമ്മേളനം നടക്കുന്നത്. അറബ്, വടക്കൻ ആഫ്രിക്ക മേഖലയിൽ തന്നെ ആദ്യമായാണ് ‘വെബ് സമ്മിറ്റ്’ എത്തുന്നത്. ഖത്തർ വിവര സാങ്കേതികമന്ത്രാലയമാണ് സമ്മേളന ആതിഥേയത്വം പ്രഖ്യാപിച്ചത്.
വരുംകാല ലോകത്തെ സൃഷ്ടിക്കുകയും നയിക്കുകയും ചെയ്യുന്ന അന്താരാഷ്ട്ര പ്രമുഖരുടെ ഒത്തുചേരലായിരിക്കും സമ്മേളനം. ആയിരക്കണക്കിന് നിക്ഷേപകർ, സംരംഭകർ എന്നിവരും ‘വെബ് സമ്മിറ്റി’ൽ പ്രതിനിധികളായി പങ്കെടുക്കും. യൂറോപ്, വടക്കൻ അമേരിക്ക, തെക്കൻ അമേരിക്ക, ഏഷ്യൻ രാജ്യങ്ങളിൽ കേന്ദ്രീകൃതമായ ടെക് ലോകത്തെ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ മിഡിലീസ്റ്റ്, ആഫ്രിക്ക, ഇന്ത്യ ഉൾപ്പെടെ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിൽ നിർണായകമാവും ദോഹ വെബ് സമ്മിറ്റ്.