തണുത്ത് വിറച്ച് ബാംഗ്ലൂർ
കനത്ത മഴയ്ക്ക് പിന്നാലെ ബാംഗ്ലൂർ നഗരം തണുത്ത് വിറയ്ക്കുകയാണ്. കഴിഞ്ഞ ആഴ്ചവരെ നഗരത്തില്‍ കനത്ത മഴയായിരുന്നു. മഴ ശമിച്ചതിന് പിന്നാലെ നഗരം കൊടും തണുപ്പിലേക്ക് കടന്നു. തീരപ്രദേശങ്ങളിലും വടക്കൻ ഉൾപ്രദേശങ്ങളിലും തെക്കൻ ഉൾപ്രദേശങ്ങളിലെ മിക്കയിടങ്ങളിലും താപനിലയിൽ വലിയ ഇടിവാണ് അനുഭവപ്പെട്ടത്. പതിനാല് വര്‍ഷത്തിനിടെ നഗരത്തിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് കഴിഞ്ഞ ദിവസം ബാംഗ്ലൂർ നഗരത്തില്‍ രേഖപ്പെടുത്തിയത്. സമീപ ജില്ലകളിലും സാധാരണയിലും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്.
ബാംഗ്ലൂർ നഗരത്തില്‍ 15.4 ഡിഗ്രി സെൽഷ്യസാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഇത് സാധാരണയേക്കാൾ 4 ഡിഗ്രി സെൽഷ്യത്തിന് താഴെയാണ്. അടുത്ത 3 – 4 ദിവസത്തേക്ക് നഗരത്തില്‍ കടുത്ത തണുപ്പ് തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ പല ജില്ലകളിലും കുറഞ്ഞ താപനിലയാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്.