തണ്ണിമത്തന്റെ ഗുണങ്ങൾ
വേനലില്‍ കൊടിയ ചൂടില്‍ ഏറ്റവുമധികം പേര് കഴിക്കാനിഷ്ടപ്പെടുന്നൊരു പഴമാണ് തണ്ണിമത്തൻ. വേനലാകുമ്പോള്‍ തണ്ണിമത്തന്റെ വരവും കച്ചവടവും കുത്തനെ ഉയരാറുമുണ്ട്. തണ്ണിമത്തനില്‍ 90 ശതമാനവും വെള്ളം തന്നെയാണ് അടങ്ങിയിരിക്കുന്നത്. അതിനാല്‍ തന്നെ ചൂടുള്ള അന്തരീക്ഷത്തില്‍ ശരീരത്തില്‍ ജലാംശം കുറഞ്ഞ് നിര്‍ജലീകരണം (ഡീഹൈഡ്രേഷൻ) സംഭവിക്കാതിരിക്കാനും, ശരീരത്തെ തണുപ്പിച്ച് നിര്‍ത്താനുമെല്ലാം ഇത് സഹായിക്കുന്നു.
കലോറി വളരെ കുറവേ അടങ്ങിയിട്ടുള്ളൂ എന്നതിനാല്‍ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്കും ഏറെ യോജിച്ചൊരു പഴമാണിത്. തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന ‘അര്‍ജനൈൻ’ എന്ന അമിനോ ആസിഡ് ശരീരത്തിലെ കൊഴുപ്പെരിച്ച് കളയാനും സഹായിക്കുന്നതാണ്. പലര്‍ക്കും അറിയാത്ത മറ്റൊരു ഗുണം കൂടി തണ്ണിമത്തനുണ്ട്. എന്തെന്നാല്‍ അത് ചര്‍മ്മത്തിന് ഏറെ ഗുണകരമായി പ്രവര്‍ത്തിക്കുന്നൊരു പഴമാണ്. തണ്ണിമത്തനിലടങ്ങിയിരിക്കുന്ന വൈറ്റമിൻ-എ, വൈറ്റമിൻ-സി എന്നീ ഘടകങ്ങളാണ് ചര്‍മ്മത്തിനും അതുപോലെ തന്നെ മുടിക്കും പ്രയോജനപ്രദമായി വരുന്നത്. മുടിയുടെയും ചര്‍മ്മത്തിന്റെയും ആരോഗ്യത്തിന് അവശ്യം വേണ്ടുന്ന ‘കൊളാജെൻ’ എന്ന പ്രോട്ടീനിന്റെ ഉത്പാദനത്തിന് വൈറ്റമിൻ-സി വേണം. ഇതും വളരെ പ്രധാനമാണ്.