ദിവസം 10,700 സ്റ്റെപ്പ് നടക്കാം; പ്രമേഹ സാധ്യത കുറയ്ക്കും

 ദിവസം 10,700 സ്റ്റെപ്പ് നടക്കാം; പ്രമേഹ സാധ്യത കുറയ്ക്കും

ദിവസം 10,700 സ്റ്റെപ്പുകള്‍ നടക്കുന്ന സ്ത്രീകള്‍ക്ക് മറ്റുള്ളവരുമായി താരതമ്യം ചെയുമ്പോൾ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറവെന്ന് പഠനം. ശരീരം കൂടുതല്‍ അനങ്ങുന്നത് പ്രമേഹ സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ടെന്നെസിയിലെ വാന്‍ഡര്‍ബിറ്റ് സര്‍വകലാശാല നടത്തിയ ഗവേഷണത്തില്‍ പറയുന്നത്. 5677 പേരില്‍ ശരീരത്തില്‍ ഘടിപ്പിക്കുന്ന ഫിറ്റ്ബിറ്റ് ഉപകരണം ഉപയോഗിച്ച്‌ നാലു വര്‍ഷമെടുത്താണ് പഠനം നടത്തിയത്.

ദിവസം 10,700 സ്റ്റെപ്പുകള്‍ താണ്ടുന്നവര്‍ക്ക് ദിവസം 6000 സ്റ്റെപ്പുകള്‍ നടന്നവരുമായി താരതമ്യം ചെയുമ്പോൾ പ്രമേഹ സാധ്യത 44 ശതമാനം കുറവുള്ളതായാണ് കണ്ടെത്തിയത്. സൈക്ലിങ്, നീന്തല്‍ തുടങ്ങിയവ ആഴ്ചയില്‍ 3-4 തവണ അരമണിക്കൂര്‍ വീതം ചെയ്യുന്നത് പ്രമേഹ സാധ്യത ഗണ്യമായി കുറയ്ക്കുമെന്നും ഗവേഷകര്‍ പറയുന്നു. വെയിറ്റ് ട്രെയിനിങ്ങും സ്ട്രെംഗ്ത്ത് ട്രെയിനിങ്ങും പുഷ് അപ്പ്, പ്ലാങ്ക്, പുള്‍ അപ്പ്, സ്ക്വാട്ടിങ് തുടങ്ങിയ വ്യായാമങ്ങളും പ്രമേഹത്തെ അകറ്റി നിര്‍ത്താന്‍ സഹായിക്കും.

ശരീരത്തില്‍ ഘടിപ്പിക്കുന്ന സ്മാര്‍ട്ട് വാച്ച്‌ അടക്കമുള്ള സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ ദിനംപ്രതി എത്ര നടക്കുന്നുണ്ടെന്ന് നിരീക്ഷിക്കാനാകും. ഇത് കൂടുതല്‍ നടക്കാന്‍ പ്രചോദനമാകുകയും ചെയ്യും. സ്റ്റെപ്പുകളുടെ എണ്ണത്തിന് പുറമേ ഹൃദയമിടിപ്പ്, വ്യായാമം ചെയ്തതിന്‍റെ ദൈര്‍ഘ്യം, കത്തിച്ചു കളഞ്ഞ കാലറി തുടങ്ങിയ വിവരങ്ങളെല്ലാം നല്‍കുന്ന ഇത്തരം ഉപകരണങ്ങള്‍ ആരോഗ്യത്തെ കുറിച്ച്‌ കൂടുതല്‍ ബോധവാന്മാരാകാന്‍ സഹായിക്കും.