പൊതു ജനങ്ങൾക്കു വിയ്യൂർ സെൻട്രൽ ജയിലിൽ കയറാം
‘വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍’ കാണാന്‍ ഇനി വിയ്യൂരില്‍ പോകേണ്ട. തേക്കിന്‍കാട് മൈതാനിയിലെത്തിയാൽ വിയ്യൂർ സെൻട്രൽ ജയിലിൽ കയറാം, ആഗ്രഹമുണ്ടെങ്കിൽ സെല്ലിലും കിടക്കാം. ‘എന്റെ കേരളം’ പ്രദർശന വിപണന മേളയിലെ ജയിൽ വകുപ്പിന്റെ സ്റ്റാളാണ് വിയ്യൂര്‍ ജയിലിന്റെ മാതൃകയില്‍ ഒരുക്കിയിട്ടുള്ളത്.
മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വിയ്യൂർ സെൻട്രൽ ജയിലിന്റെ മുൻഭാഗവും വിക്കറ്റ് ഗേറ്റും തടവുകാരുടെ ബ്ളോക്കും സെല്ലുകളും അടക്കമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പൊതുജനങ്ങൾക്ക് ജയിൽ വകുപ്പിന്റെ പ്രവർത്തനങ്ങൾ നേരിൽ മനസിലാക്കുന്നതിനാണ് സ്റ്റാൾ സജ്ജമാക്കിയിട്ടുള്ളത്. നിരവധി സിനിമകളിൽ വിയ്യൂർ സെൻട്രൽ ജയിലിന്റെ പ്രധാന കവാടം ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ജയിൽ എങ്ങനെയായിരിക്കുമെന്നത് അറിയാനിടയില്ല. ആ അനുഭവം കൂടി സമ്മാനിക്കുന്നതാണ് തേക്കിൻകാട് മൈതാനിയിലെ വിയ്യൂർ സെൻട്രൽ ജയിൽ.