ഇന്ന് വിഷു
സമൃദ്ധിയുടെ കണികണ്ടുണർന്ന് മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. മേടമാസത്തിലെ ആദ്യദിനമായ വിഷു മലയാളിക്ക് പുതുവർഷാരംഭമാണ്. കേരളത്തിലെ കാർഷികോത്സവമാണ് വിഷു. മലയാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. വീടുകളിലും ക്ഷേത്രങ്ങളിലും വിഷുക്കണിയുമായി നഗരത്തിലും ഗ്രാമങ്ങളിലും ആഘോഷം സജീവമാണ്. പുലർച്ചെ കണി കാണാനും വിഷുക്കൈനീട്ടം വാങ്ങാനും ക്ഷേത്രങ്ങളിൽ സൗകര്യമൊരുക്കിയിരുന്നു. വിഷുക്കോടി ഉടുത്ത് വിഷുക്കൈനീട്ടം നല്‍കിയും വാങ്ങിയും വിഷു സദ്യ നടത്തിയും പടക്കങ്ങൾ പൊട്ടിച്ചുമാണ് ഈ ദിവസം മലയാളികൾ ആഘോഷിക്കുന്നത്.
വിഷുവം എന്ന പദത്തില്‍ നിന്നാണ് വിഷു ഉണ്ടായത്. വിഷുവം എന്നാല്‍ തുല്യമായത് എന്നാണര്‍ത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസത്തെ വിഷുവെന്ന് വിളിക്കുന്നു. സൂര്യന്‍ മേടം രാശിയില്‍ പ്രവേശിക്കുന്ന ദിവസമാണ് വിഷു. ഈ സമയത്താണ് ഭൂമധ്യരേഖാ പ്രദേശത്ത് സൂര്യപ്രകാശം 180ത്ഥ -യില്‍ നേരെ പതിക്കുന്നത്. കേരളത്തില്‍ രണ്ട് വിഷു വരുന്നുണ്ട്, മേടം ഒന്നിന് വരുന്ന മേട വിഷുവും, തുലാം ഒന്നിന് വരുന്ന തുലാ വിഷുവും.