വിഷു ബമ്പർ ; കോഴിക്കോട് സ്വദേശിക്ക്
ആ ഭാഗ്യവാനാര് എന്ന ചോദ്യം ഇനി വിരലിലെണ്ണാവുന്നവർക്ക് മാത്രമറിയുന്ന രഹസ്യമായി തുടരും. 2023 ലെ വിഷു ബമ്പർ ലോട്ടറി അടിച്ച ഭാഗ്യവാൻ ലോട്ടറി വകുപ്പിന് മുന്നിൽ കർശന നിബന്ധന വെച്ച് പണം വാങ്ങി മടങ്ങി. കോഴിക്കോട് സ്വദേശിയായ ആളാണ് 12 കോടിയുടെ ലോട്ടറി അടിച്ചതിലൂടെ കിട്ടിയ 7.56 കോടി കൈപ്പറ്റിയത്. എന്നാൽ തന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിടരുതെന്ന നിബന്ധനയും ലോട്ടറി വകുപ്പിന് മുന്നിൽ ഇദ്ദേഹം വെച്ചു. അതിനാൽ തന്നെ ഇനി പേര് പുറത്ത് വിടില്ലെന്ന നിലപാടിലാണ് ലോട്ടറി വകുപ്പ്.
ഈ വർഷത്തെ വിഷു ബമ്പർ ലോട്ടറി നറുക്കെടുപ്പിൽ VE 475588 എന്ന നമ്പറിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്. വിഷു ബമ്പർ ലോട്ടറി ഫലം വന്നതിന് പിന്നാലെ നാടൊന്നാകെ ആ ഭാഗ്യവാനാര് എന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു. എന്നാൽ ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞിട്ടും ഭാഗ്യവാൻ മുന്നോട്ട് വന്നില്ല. നടപടികളെല്ലാം രഹസ്യമായി നടത്തിയ ശേഷം പണം വാങ്ങി മടങ്ങുകയും ചെയ്തു.