വിക്രം സാരാഭായ് അന്തരിച്ചിട്ട് ഇന്ന് 51 വർഷം
ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്ന വിക്രം സാരാഭായി അന്തരിച്ചിട്ട് ഇന്നേക്ക് 51 വർഷം. ലോകപ്രശസ്തനായ ഇന്ത്യൻ ശാസ്ത്രജ്ഞനായിരുന്നു ഡോ. വിക്രം അംബാലാൽ സാരാഭായി. ഇന്ത്യൻ ബഹിരാകാശ ഗവേഷണരംഗത്തെ മികവുറ്റതാക്കി മാറ്റിയവരിൽ പ്രധാനിയാണ് ഡോ. വിക്രം സാരാഭായ്. ബഹിരാകാശ ഗവേഷണങ്ങൾ എങ്ങനെ രാജ്യത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ ഉന്നമനത്തിനുമായി ഉപയോഗിക്കാമെന്ന് വിക്രം സാരാഭായ് കാണിച്ചുതന്നു.
1919 ഓഗസ്റ്റ് 12-നു ഗുജറാത്തിലെ അഹമ്മദാബാദിൽ ഒരു ധനിക ജൈന കുടുംബത്തിൽ വ്യവസായിയായ അംബലാൽ സാരാഭായുടേയും സരള ദേവിയുടെയും മകനായി ജനിച്ചു. ചെറുപ്പം മുതൽ തന്നെ ശാസ്ത്രത്തോട് അഭിനിവേശം പുലർത്തി. മാതാപിതാക്കൾ ഒരുക്കിക്കൊടുത്ത സൗകര്യങ്ങളും സർ സി.വി. രാമനെപ്പോലെ മഹാരഥൻമാരായ ശാസ്ത്രജ്ഞരുമായി നേരിട്ട് ഇടപഴകാൻ ലഭിച്ച അവസരങ്ങളുമൊക്കെ ശാസ്ത്രാഭിരുചിയെ ത്വരിതപ്പെടുത്തി.
ബഹിരാകാശഗവേഷണത്തെ വെറും ശൂന്യാകാശ യാത്രകളായി വഴിതിരിച്ചു വിടാതെ ,വാർത്താവിനിമയത്തിനും കാലാവസ്ഥാ നിരീക്ഷണത്തിനും ഉപയോഗപ്രദമാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം തുമ്പയിലെ ബഹിരാകാശകേന്ദ്രത്തിന്റെ ശില്പി ഇദ്ദേഹമാണ്. അദ്ദേഹത്തോടുള്ള ബഹുന്മാനാർത്ഥം തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തെ “വിക്രം സാരാഭായ് സ്പേസ് സെൻറർ“ എന്ന് നാമകരണം ചെയ്തു.ശ്രീഹരിക്കോട്ടയിലെ ഉപഗ്രഹ വിക്ഷേപണത്തിന്റെ ശിൽപ്പിയും അദ്ദേഹമാണ് റോക്കറ്റുകളും ഉപഗ്രഹങ്ങളും നിർമ്മിക്കുന്നതിൽ കഴിവുള്ള ഒരു നല്ല സംഘത്തെ വാർത്തെടുക്കാനായി എന്നത് പിൽക്കാലത്ത് ഇന്ത്യയ്ക്ക് ഈ രംഗത്ത് മുന്നേറ്റമുണ്ടാക്കാൻ സഹായകമായി.
വിക്രം സാരാഭായിയുടെ സാന്നിധ്യത്തിൽ 1963 നവംബർ 21–ന് തുമ്പയിൽ നിന്നും വിക്ഷേപിച്ച ‘നൈക്ക്–അപ്പാച്ചി’ എന്ന ചെറുറോക്കറ്റ് ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിലെ നാഴികക്കല്ലായി. പിന്നീട് ഉപഗ്രഹ വിക്ഷേപണങ്ങളിലൂടെ ടെലിവിഷൻ സംപ്രേഷണവും കാലാവസ്ഥാ പ്രവചനവുമൊക്കെ സുഗമമാക്കാൻ ഇന്ത്യയ്ക്കായി.
മലയാളിയും പ്രശസ്ത നർത്തകിയും ആയ മൃണാളിനി സാരാഭായിയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്.മകൾ മല്ലികാ സാരാഭായിയും പ്രശസ്ത നർത്തകിയാണ്. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന മൃദുല സാരാഭായി ഇദ്ദേഹത്തിന്റെ സഹോദരിയാണ്. അദ്ദേഹം 1971 ഡിസംബർ 30-ന് കോവളത്ത് പഞ്ചനക്ഷത്ര റിസോർട്ടിനുള്ളിൽ വച്ച് മരിച്ച നിലയിൽ കാണപ്പെട്ടു. തന്റെ അമ്പത്തിരണ്ടാമത്തെ വയസ്സിൽ തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷന് തറക്കല്ലിടാൻ തിരുവനന്തപുരത്ത് എത്തിയതായിരുന്നു അദ്ദേഹം.