വെസ്‌റ്റിബുലാർ ഹൈപ്പോഫംഗ്‌ഷൻ; എന്താണ് വരുൺ ധവാനെ അലട്ടുന്ന ഈ രോഗം

 വെസ്‌റ്റിബുലാർ ഹൈപ്പോഫംഗ്‌ഷൻ; എന്താണ്  വരുൺ ധവാനെ അലട്ടുന്ന ഈ രോഗം

ചെവിയുടെ ബാലൻസ് നഷ്ടപ്പെടുന്ന വെസ്‌റ്റിബുലാർ ഹൈപ്പോഫംഗ്‌ഷൻ എന്ന രോ​ഗമാണ് തനിക്കെന്ന് കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടൻ വരുൺ ധവാൻ വെളിപ്പെടുത്തിയിരുന്നു. പിന്നീട് ഇത് ചർച്ചയായതിന് പിന്നാലെ ഇ‌ക്കാര്യം വിവരിച്ച് ട്വീറ്റ് കുറിക്കുകയും ചെയ്തു. തലച്ചോറിന് ശരിയായ രീതിയിൽ പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയാണിത്.

ചെവിയുടെ ആന്തരിക ഭാഗം ശരിയായി പ്രവർത്തിക്കാത്തപ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇത് ഒരു വ്യക്തിയുടെ സന്തുലിതാവസ്ഥയെ ബാധിക്കും. ഇങ്ങനെ സംഭവിക്കുമ്പോൾ വെസ്റ്റിബുലാർ സിസ്റ്റം തലച്ചോറിലേക്ക് തെറ്റായ സന്ദേശം അയയ്ക്കുകയും ഇതിന്റെ ഫലമായി തലകറക്കം അനുഭവപ്പടുകയും ചെയ്യും.

പൊതുവേ പ്രായമായ ആളുകളിലാണ് ഈ അവസ്ഥ കണ്ടുവരുന്നത്. എന്നാൽ ചെവിയുടെ പ്രവർത്തനത്തെ ബാധിക്കാൻ സാധ്യതയുള്ള ഓട്ടോടോക്സിക് മരുന്നുകൾ കഴിക്കുന്ന ചെറുപ്പക്കാരിലും ഇത് കണ്ടെത്തിരിക്കും. ടി ബി രോഗികൾ കഴിക്കുന്ന ആന്റിബയോട്ടിക്കുകളായ അമികാസിൻ, സ്‌ട്രെപ്‌റ്റോമൈസിൻ എന്നിവ ഓട്ടോടോക്സിക് മരുന്നുകൾക്ക് ഉദാഹരണമാണ്. രോഗപ്രതിരോധ പ്രശ്നങ്ങൾ മൂലവും ഈ അവസ്ഥയുണ്ടാകാം.

ചെവിയിൽ ചെറിയ മൂളലുകൾ പോലെ കേൾക്കുന്നതാണ് വെസ്‌റ്റിബുലാർ ഹൈപ്പോഫംഗ്‌ഷന്റെ തുടക്കം. ഇങ്ങനെയുണ്ടാകുമ്പോൾ കേൾവിശക്തി പോകുമോ എന്നാശങ്കപ്പെട്ടാണ് പലരും ഡോക്ടറുടെ സഹായം തേടുന്നത്. എന്നാൽ ഇത് വെസ്റ്റിബുലാർ അവസ്ഥയുടെ ചെറിയ ലക്ഷണം മാത്രമാണ്.