വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ വെള്ളിയാഴ്ച മുതൽ
മൈസൂരു-ബംഗളൂരു-ചെന്നൈ റൂട്ടിലൂടെയുള്ള വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി കെ.എസ്.ആർ.ബംഗളൂരുവിൽ ഫ്ലാഗ് ഓഫ് ചെയ്യും. കഴിഞ്ഞ ദിവസം നടത്തിയ ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയകരമായിരുന്നു. ബുധൻ ഒഴികെയുള്ള ദിവസങ്ങളിലാണ് ട്രെയിൻ ഓടുക. ചെന്നൈ സെൻട്രൽ-മൈസൂരു വന്ദേഭാരത് എക്സ്പ്രസ് (20608) ചെന്നൈയിൽ നിന്ന് രാവിലെ 5.50ന് പുറപ്പെടും. തമിഴ്നാട്ടിലെ കാട്പാടിയിൽ 7.23 ന് എത്തും. ഇവിടെ രണ്ട് മിനിറ്റ് സ്റ്റോപ്. കെ.എസ്.ആർ ബംഗളൂരുവിൽ-10.25ന് എത്തും. ഇവിടെ അഞ്ച് മിനിറ്റാണ് സ്റ്റോപ്. മൈസൂരു ജങ്ഷനിൽ ഉച്ചക്ക് 12.30ന് എത്തും. മൈസൂരു-ചെന്നൈ വന്ദേഭാരത് എക്സ്പ്രസ് (20607) മൈസൂരുവിൽ നിന്ന് ഉച്ചക്ക് 1.05നാണ് പുറപ്പെടുക.
കെ.എസ്.ആർ ബംഗളൂരുവിൽ 2.55 ന് എത്തും. ഇവിടെ 5 മിനിറ്റ് സ്റ്റോപ്. കാട്പാടി- 5.58ന് എത്തും. ഇവിടെ 2 മിനിറ്റ് സ്റ്റോപ്. ചെന്നൈ സെൻട്രലിൽ രാത്രി 7.35ന് എത്തും. ചെന്നൈയിൽ നിന്ന് പുറപ്പെട്ടാൽ കാട്പാടിയിലും കെ.എസ്.ആർ ബംഗളൂരുവിലും മാത്രമാണ് വന്ദേഭാരതിന് സ്റ്റോപ്പുള്ളത്. ദക്ഷിണ റെയിൽവേയുടെ നിയന്ത്രണത്തിലുള്ള മേഖലകളിൽ മണിക്കൂറിൽ 80.25 കിലോമീറ്ററും ദക്ഷിണ പശ്ചിമ റെയിൽവേ പരിധിയിൽ 75.62 കിലോമീറ്ററുമാണ് പരമാവധി വേഗം. രാജ്യത്ത് നിലവിൽ സർവിസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസുകളിൽ ഏറ്റവും കുറഞ്ഞ വേഗമാണ് മൈസൂരു-ചെന്നൈ റൂട്ടിൽ ഉണ്ടാവുക. മൈസൂരു -ബംഗളൂരു പാതയിൽ മണിക്കൂറിൽ 110 കിലോമീറ്ററാണ് പരമാവധി വേഗമെങ്കിലും വളവുകൾ ഉള്ളതിനാലാണ് വേഗപരിധി. വളവുകളില്ലാത്ത പാതകളിൽ 160-180 കിലോമീറ്റർ വേഗ പരിധിയിൽ വരെ സർവിസ് നടത്താൻ കഴിയും.
പൂർണമായും തദ്ദേശീയമായാണ് ട്രെയിൻ നിർമിച്ചിരിക്കുന്നത്. എല്ലാ കോച്ചുകളും പൂർണമായും ഓട്ടോമാറ്റിക് ഡോറുകൾ ഉള്ളവയാണ്. ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം (ജി.പി.എസ്) അടിസ്ഥാനമാക്കിയുള്ള പാസഞ്ചർ ഇൻഫർമേഷൻ സംവിധാനം, യാത്രയിലുടനീളം ഹോട്ട്സ്പോട്ട് വൈ ഫൈ എന്നിവ ട്രെയിനിന്റെ പ്രത്യേകതയാണ്. ഇത് രാജ്യത്തെ അഞ്ചാമത് വന്ദേഭാരത് ട്രെയിനാണ്. ടിക്കറ്റ് നിരക്കിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടില്ല. നിലവിൽ മൈസൂരു-ബംഗളൂരു- ചെന്നൈ റൂട്ടിൽ സർവിസ് നടത്തുന്ന ശതാബ്ദി എക്സ്പ്രസിനേക്കാൾ ഉയർന്ന നിരക്കായിരിക്കും ഈടാക്കുക.