കുടുംബ വിസയെടുക്കുന്നവർക്ക് പുതിയ നിബന്ധന
കുടുംബ വിസയെടുക്കുന്നവർക്ക് പുതിയ നിബന്ധനയുമായി യു.എ.ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി. 10,000 ദിർഹമെങ്കിലും ശമ്പളമുള്ളവർക്ക് മാത്രമേ അഞ്ചു കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യാൻ കഴിയു എന്നാണ് പുതിയ നിബന്ധന. ആറുപേരുണ്ടെങ്കിൽ 15,000 ദിർഹം ശമ്പളമുണ്ടാകണമെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞവർഷം ഒക്ടോബറിൽ നിലവിൽവന്ന യു.എ.ഇ കാബിനറ്റ് നിയമപ്രകാരം ഫെഡറൽ അതോറിറ്റി ചെയർമാൻ അലി മുഹമ്മദ് അൽ ഷംസിയാണ് ഉത്തരവിറക്കിയത്. കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യുന്നയാൾക്ക് ആവശ്യമായ താമസ സൗകര്യമുണ്ടായിരിക്കണം. ആറുപേരിൽ കൂടുതലുണ്ടെങ്കിൽ ഡയറക്ടറേറ്റ് ജനറൽ അപേക്ഷ വിലയിരുത്തും. ഇതിനുശേഷം മാത്രമേ സ്പോൺസർഷിപ്പിന് അനുവാദം നൽകൂ. അടുത്തിടെ അനുമതി നൽകിയ 15ഒാളം വിസകളുമായി ബന്ധപ്പെട്ട നിബന്ധനകളും പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.