അനന്തപുരിയിൽ നഗരവസന്തമൊരുങ്ങുന്നു

 അനന്തപുരിയിൽ നഗരവസന്തമൊരുങ്ങുന്നു

ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങൾക്ക് തയാറെടുക്കുന്ന തലസ്ഥാന നഗരത്തിൽ ആഘോഷങ്ങളുടെ മാറ്റുകൂട്ടാൻ വസന്തം വരുന്നു. കേരള റോസ് സൊസൈറ്റിയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് പുഷ്പ വസന്തമൊരുക്കിയാണ് ആഘോഷങ്ങളെ വരവേൽക്കുന്നത്. ‘നഗര വസന്തം’ എന്ന് പേരിട്ടിട്ടുള്ള പുഷ്‌പോത്സവം ഡിസംബർ 21ന് ആരംഭിക്കും. നഗരവീഥികളും കനകക്കുന്ന് പരിസരവുമെല്ലാം വസന്തത്തിൽ മുങ്ങും. വെള്ളയമ്പലത്തുനിന്നും കവടിയാർ, ശാസ്തമംഗലം, വഴുതക്കാട്, സ്‌പെൻസർ ജംക്ഷൻ റോഡുകളുടെ ഇരുവശങ്ങളും പൂച്ചെടികളും അലങ്കാരച്ചെടികളും കൊണ്ട് നിറയും. കോർപറേഷൻ ഓഫീസിനു മുന്നിൽ നിന്ന് ദേവസ്വം ബോർഡ് വരെയും പിഎംജി വരെയുമുള്ള പാതയോരത്തും വസന്തം വിരിയും. വർണശബളമായ, സുഗന്ധം നിറയുന്ന ചെടികൾക്ക് പുറമെ അലങ്കാര ദീപങ്ങളും ഇൻസ്‌റ്റലേഷനുകളും ചിത്രങ്ങളും വസന്തത്തിന് മാറ്റുകൂട്ടും. രാത്രികളെ പകലാക്കിക്കൊണ്ട് ഒരു മണിവരെ പുഷ്‌പ്പോത്സവം നീളും. കനകക്കുന്നിലും സൂര്യകാന്തിയിലും നിശാഗന്ധിയിലും പുഷ്പാലംകൃതമായ ഇൻസ്റ്റലേഷനുകൾ വസന്തം കാണാനെത്തുന്നവരെ വരവേൽക്കും. കുട്ടികൾക്ക് വേണ്ടിയുള്ള പാർക്കുകളും സാഹസിക വിനോദങ്ങളും വസന്തത്തിനൊപ്പം ഒരുക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ഭക്ഷണ വൈവിധ്യങ്ങൾ അണിനിരക്കുന്ന ഫുഡ്‌ കോർട്ട് രുചിയുടെ വസന്തമൊരുക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാപരിപാടികൾ, അലങ്കാര മത്സ്യ പ്രദർശനം എന്നിങ്ങനെ വൈവിധ്യങ്ങളുടെ വിരുന്നായി പുഷ്‌പ്പോത്സവം മാറും. വിവിധ വകുപ്പുകളുടെയും നഗരവാസികളുടെയും റെസിഡൻസ് അസോസിയേഷനുകളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന പുഷ്‌പ്പോത്സവം ജനുവരി രണ്ടിന് സമാപിക്കും.