ഇന്ത്യയില്‍ ആദ്യമായി ട്രാൻസ്‍ജെൻഡറുകള്‍ക്കായി റെയില്‍വേയുടെ ചായക്കട
ഗുവാഹത്തി റെയില്‍വേ സ്റ്റേഷനില്‍ ട്രാൻസ്‍ജെൻഡറുകള്‍ക്ക് നടത്തുവാനായി ഒരു ചായക്കട തുറന്നിരിക്കുകയാണ് ‘നോര്‍ത്തീസ്റ്റ് ഫ്രണ്ടിയര്‍ റെയില്‍വേ’. ‘ട്രാൻസ് ടീ സ്റ്റാള്‍’ എന്നാണിതിന് പേര് നല്‍കിയിരിക്കുന്നത്. ചായയും ശീതളപാനീയങ്ങളും ബിസ്കറ്റ് പോലുള്ള സ്നാക്സും അടങ്ങിയതാണ് കച്ചവടം. ഉദ്ഘാടനം കഴിഞ്ഞ ശേഷം ‘ട്രാൻസ് ടീ സ്റ്റാളി’ന്‍റെ ചിത്രങ്ങള്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‍ണവ് തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരന്നു.
ഇന്ത്യയിലിതാ ആദ്യമായി റെയില്‍വേ പ്ലാറ്റ്ഫോമില്‍ ‘ട്രാൻസ് ടീ സ്റ്റാള്‍’, ഇത് ഗുവാഹത്തി റെയില്‍വേ സ്റ്റേഷൻ – എന്ന അടിക്കുറിപ്പോടെയാണ് മന്ത്രി ചിത്രങ്ങള്‍ പങ്കുവച്ചത്. ഇതിന് പിന്നാലെ നിരവധി പ്രമുഖര്‍ ‘ട്രാൻസ് ടീ സ്റ്റാളി’ന് ആശംസകള്‍ അറിയിക്കുകയും റെയില്‍വേയെ ഈ പുരോമനപരമായ ചുവടുവയ്പിന് അഭിനന്ദിക്കുകയും ചെയ്തു.