ചിക്കന്‍ ടിക്ക മസാല കണ്ടുപിടിച്ച ‘സൂപ്പര്‍ അലി’ അന്തരിച്ചു

 ചിക്കന്‍ ടിക്ക മസാല കണ്ടുപിടിച്ച ‘സൂപ്പര്‍ അലി’ അന്തരിച്ചു

ചിക്കന്‍ ടിക്ക മസാല ആദ്യമായി തയാറാക്കിയ സ്‌കോട്ടിഷ് കറി കിങ് സൂപ്പര്‍ അലി അസ്ലം അന്തരിച്ചു. 77 വയസായിരുന്നു. കുറച്ച് നാളുകളായി അസുഖബാധിതനായിരുന്നു. ഗ്ലാസ്ഗോയിലെ ഷിഷ് മഹല്‍ റെസ്റ്റോറന്റ് നടത്തി വന്നിരുന്ന കാലത്താണ് അപ്രതീക്ഷിതമായി അലി അഹമ്മദ് അസ്ലം ചിക്കന്‍ ടിക്ക മസാല ഉണ്ടാക്കുന്നത്. 1970ലാണ് അദ്ദേഹം ചിക്കന്‍ ടിക്ക മസാലക്കൂട്ട് കണ്ടെത്തുന്നത്. വിഭവം ഹിറ്റായതോടെ അലിയെ ആളികള്‍ ആദരസൂചകമായി സൂപ്പര്‍ അലി എന്ന് വിളിക്കാന്‍ തുടങ്ങി.

ഏറെ അപ്രതീക്ഷിതമായാണ് അലി ചിക്കന്‍ ടിക്ക മസാല കണ്ടെത്തുന്നത്. തന്റെ ഹോട്ടലിലെത്തിയ ഒരാള്‍ ചിക്കന്‍ കറി ഡ്രൈ ആയിപ്പോയതിന് പരാതി പറഞ്ഞതിന് പിന്നാലെയായിരുന്നു ആ കണ്ടുപിടുത്തം. തന്നെ ചീത്ത പറഞ്ഞുകൊണ്ടിരിക്കുന്ന കസ്റ്റമറുടെ മനസ് കവരാന്‍ തൈര്, സോസ്, ക്രീം, മസാലകള്‍ എന്നിവ ചേര്‍ത്ത് അലി ചിക്കന്‍ ഗ്രേവി തയാറാക്കി. കറി കൊള്ളാമെന്ന് തോന്നിയതോടെ വിഭവം ഹോട്ടല്‍ മെനുവില്‍ ഉള്‍പ്പെടുത്തുകയും അലിയുടെ ചിക്കന്‍ ടിക്ക മസാല നാടെങ്ങും സൂപ്പര്‍ ഹിറ്റാകുകയുമായിരുന്നു.