ത്രിപുര മുഖ്യമന്ത്രിയായി മാണിക് സാഹ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ത്രിപുര മുഖ്യമന്ത്രിയായി മാണിക് സാഹ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. തുടർച്ചയായ രണ്ടാം തവണയാണ് ബി.ജെ.പി ത്രിപുരയിൽ അധികാരത്തിലെത്തിയിരിക്കുന്നത്. സാഹക്കൊപ്പം മറ്റുമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. വിവേകാന്ദ സ്റ്റേഡിയത്തിൽ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ, കേന്ദ്രമന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും. മാണിക് സാഹയുടെ നേതൃത്വത്തിലായിരുന്നു ബി.ജെ.പി ത്രിപുരയിൽ തെരഞ്ഞെടുപ്പിനെ നേരിട്ടത്.
അതേസമയം, കോൺഗ്രസും ഇടതുപക്ഷവും സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കുമെന്നാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് നടന്ന അക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. വ്യാഴാഴ്ചയാണ് ത്രിപുര തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്. ആകെയുള്ള 60 സീറ്റുകളിൽ 32 സീറ്റുകൾ ബി.ജെ.പി നേടി. സഖ്യകക്ഷിയായ ഐ.പി.എഫ്.ടിക്ക് ഒരു സീറ്റും ലഭിച്ചു.