തട്ടുകടയില്‍ ഉപയോഗിക്കുന്നത് തോട്ടിലെ മലിന ജലം
മലപ്പുറം കരിപ്പൂര്‍ വിമാനത്താവള റോഡിലെ തട്ടുകടയില്‍ ചായ, സര്‍ബത്ത് തുടങ്ങിയ പാനീയങ്ങള്‍ക്കും ചെറുകടികള്‍ ഉണ്ടാക്കുന്നതിനും ഉപയോഗിക്കുന്നത് തോട്ടിലെ മലിന ജലമാണ്. വാര്‍ഡ് അംഗം അലി വെട്ടോടനാണ് തട്ടുകടയില്‍ മലിന ജലം ഉപയോഗിക്കുന്നത് കണ്ടെത്തിയത്. ഇന്നലെ വാര്‍ഡിലെ മുഴുവന്‍ റോഡുകളും ഇടവഴികളും തോടുകളും സര്‍വേ നടത്തുന്നതിന്‍റെ ഭാഗമായി ഉദ്യോഗസ്ഥര്‍ എത്തിയതായിരുന്നു.ഇങ്ങനെ പരിശോധന നടക്കുന്നതിനിടെ തട്ടുകടയിലെ ജീവനക്കാരന്‍ തോടില്‍ നിന്ന് ബക്കറ്റില്‍ വെള്ളവുമായി പലതവണ തട്ടുകടയിലേക്ക് കയറി പോകുന്നത് വാര്‍ഡ് കൗണ്‍സിലറുടെ ശ്രദ്ധയില്‍പ്പെട്ടു. ആദ്യം മറ്റ് വല്ല ആവശ്യങ്ങള്‍ക്കുമായിരിക്കുമെന്ന നിഗമനത്തിലായിരുന്നു കൗണ്‍സിലര്‍. എന്നാല്‍, പിന്നീടാണ് തട്ടുകടയില്‍ ചായ അടക്കമുള്ള പാനീയങ്ങളുണ്ടാക്കാന്‍ ഉപയോഗിക്കുന്നത് തോട്ടില്‍ നിന്നും കൊണ്ട് വച്ച ബക്കറ്റിലെ മലിനജലം ഉപയോഗിച്ചാണെന്ന് വ്യക്തമായത്.
തോട്ടിലെ മലിനജലം കുടങ്ങളിലും ബക്കറ്റുകളിലും സംഭരിച്ച് വെച്ച് മണിക്കൂറുകള്‍ കഴിഞ്ഞ് വെള്ളത്തിലെ കലക്കല്‍ ഊറിയതിന് ശേഷം ഇത് ചായയും മറ്റ് പാനീയങ്ങളും ഉണ്ടാക്കുന്നതിന് ഉപയോഗിക്കുകയാണെന്ന് വ്യക്തമായി. തുടര്‍ന്ന് കൗണ്‍സിലറും മറ്റ് ഉദ്യോഗസ്ഥരും കടക്കാരനെ സമീപിച്ച് ഇത് ചോദ്യം ചെയ്തു, എന്നാല്‍ ആദ്യം പല തര്‍ക്കങ്ങളും പറഞ്ഞ് ഇയാള്‍ എതിര്‍ക്കാന്‍ ശ്രമിച്ചു ങ്കിലും പിന്നീട് തോട്ടിലെ മലിന ജലമാണെന്ന് ഉപയോഗിക്കുന്നതെന്ന് സമ്മതിച്ചു. ശുദ്ധജലം കാശ് കൊടുത്ത് വാങ്ങുകയാണെന്നായിരുന്നു തട്ടുകാടക്കാരന്‍ ആദ്യം പറഞ്ഞത്. അങ്ങനെയെങ്കില്‍ വാങ്ങിയ വെള്ളം കാണിച്ചുതരാന്‍ കൗണ്‍സിലര്‍ ആവശ്യപ്പെട്ടു. ഇതോടെ ഗത്യന്തരമില്ലാതെ കടക്കാരന്‍ തോട്ടിലെ വെള്ളമാണ് ഉപയോഗിക്കുന്നെതെന്ന് സമ്മതിച്ചു. ഉടന്‍ തന്നെ കൗണ്‍സിലര്‍ ഹെല്‍ത്ത് വിഭാഗവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് വരുത്തുകയും പിഴ ഒടുക്കുന്ന ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. തട്ടുകട മാറ്റുന്നതിനുള്ള തുടര്‍ നടപടികളും സ്വീകരിച്ചു.