സ്ട്രെപ് എ അണുബാധ; മരിച്ചത് 9 കുട്ടികള്‍

 സ്ട്രെപ് എ അണുബാധ; മരിച്ചത് 9 കുട്ടികള്‍

ഇംഗ്ലണ്ടിനെ വലച്ച് സ്ട്രെപ് എ അണുബാധ. ഇരയാവുന്നതില്‍ ഏറെയും കുട്ടികള്‍. സ്ട്രെപ്റ്റോകോക്കസ് പയോജീൻസ് ബാക്ടീരിയ സൃഷ്ടിക്കുന്ന അണുബാധ നേരത്തെ ഉണ്ടായിരുന്നതാണെങ്കിലും മുന്‍പെങ്ങും കാണാത്ത രീതിയിലാണ് സമീപ കാലത്ത് കുട്ടികളില്‍ ഇത് വ്യാപകമാവുന്നത്. ഇന്നലെ മരിച്ച അഞ്ച് വയസുകാരി അടക്കം ഒന്‍പത് കുട്ടികളാണ് ചുരുങ്ങിയ കാലയളവില്‍ ലണ്ടനില്‍ ഈ അണുബാധ മൂലം മരിച്ചത്. ബെല്‍ഫാസ്റ്റിലെ ബ്ലാക്ക് മൌണ്ടന്‍ പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ് അഞ്ച് വയസുകാരി.

ചെറിയ തൊണ്ട വേദനയും പനിയിലും ആരംഭിച്ച രോഗം വളരെ പെട്ടന്നാണ് അപകടകരമായ നിലയിലേക്ക് എത്തിയത്. ഹൈ വികോമ്പിയിലെ നാല് വയസുകാരനായ മുഹമ്മദ് ഇബ്രാഹിം അലി, പെനാര്‍ത്തിലെ ഏഴ് വയസുകാരി ഹന്നാ റോപ്പ് എന്നീ കുട്ടികള്‍ ഏതാനും ദിവസം മുന്‍പാണ് അണുബാധ മൂലം മരിച്ചത്. സ്കാര്‍ലെറ്റ് ഫീവറും സ്ട്രെപ് എ അണുബാധയും ഇംഗ്ലണ്ടിനെ വലിയ തോതിലാണ് വലയ്ക്കുന്നത്. അണുബാധ വ്യാപകമായതിന് പിന്നാലെ നിരവധി പ്രൈമറി സ്കൂളുകളാണ് അടച്ചിടാനുള്ള തീരുമാനത്തിലേക്ക് എത്തിയിട്ടുള്ളത്. മിക്ക സ്കൂളുകളിലും വൃത്തിയാക്കല്‍ വ്യാപകമായി നടക്കുന്നുണ്ട്. സ്കൂള്‍ അധികൃതര്‍ സ്വീകരിക്കുന്ന ഏത് മുന്‍കരുതല്‍ നടപടിയും രക്ഷിതാക്കള്‍ പിന്തുണയ്ക്കുകയാണ്.

2017-2018 കാലഘട്ടത്തില്‍ സ്ട്രെപ് എ അണുബാധ വ്യാപകമായ സമയത്ത് പോലും 4 കുട്ടികള്‍ മാത്രമാണ് മരണത്തിന് കീഴടങ്ങിയത്. എന്നാല്‍ ഇത്തവണ അണുബാധ രൂക്ഷമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ വിശദമാക്കുന്നത്. രക്തത്തില്‍ എത്തുന്ന ബാക്ടീരിയ അതിവേഗമാണ് അപകടകാരിയാവുന്നത്. ആദ്യ ഘട്ടത്തില്‍ ആന്‍റി ബയോട്ടിക്കുകള്‍ ഉപയോഗിച്ചാല്‍ രോഗം തടയാനാവുമെന്നും വിദഗ്ധര്‍ പറയുന്നു. മുതിര്‍ന്നവരെ സാരമായി ബാധിക്കാത്ത അണുബാധ പത്ത് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഗുരുതര പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. ചര്‍മ്മത്തില്‍ നിറവ്യത്യാസം, പാടുകള്‍, കഴുത്തിലെ ഗ്രന്ഥികളില്‍ വീക്കം, പനി എന്നിവയാണ് രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍.

പനി നല്ല തീവ്രതയുള്ള രീതിയിലായിരിക്കും. അനുഭവപ്പെടുക ഇതിന് പുറമെ തലവേദന, തൊണ്ടവദന, കവിളുകളില്‍ ചുവപ്പ് നിറം, നീവില്‍ വീക്കം എന്നിങ്ങനെയുള്ള പ്രശ്നങ്ങളും ലക്ഷണമായി വരാറുണ്ട്. രോഗി തുമ്മുന്നതിലൂടെയോ, ചുമയ്ക്കുന്നതിലൂടെയോ, അടുത്തിടപഴകുന്നതിലൂടെയോ, രോഗി ഉപയോഗിച്ച ടവല്‍- ബെഡ്ഷീറ്റ്- പാത്രങ്ങള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതിലൂടെയോ എല്ലാം രോഗം പകരാം.