ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം ; മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും
ഓരോ പഞ്ചായത്തിലും ഒരു കളിസ്ഥലമെങ്കിലും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ കായിക മന്ത്രി വി.അബ്ദുറഹ്മാന്‍ അധ്യക്ഷനാകും. കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും നിലവാരമുള്ള കളിക്കളം ഒരുക്കുകയാണു പദ്ധതിയുടെ ലക്ഷ്യം.
ഗ്രാമീണ മേഖലയിലെ കായിക അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും കളിക്കളത്തില്‍ എത്തിക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. സംസ്ഥാനത്ത് 450 ഓളം തദ്ദേശ സ്ഥാപനങ്ങളില്‍ സമ്പൂര്‍ണ്ണമായ കളിക്കളം ഇല്ലെന്നാണ് കണക്ക്. മൂന്നു വര്‍ഷത്തിനകം മുഴുവന്‍ പഞ്ചായത്തുകളിലും കളിക്കളങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കും. ആദ്യ ഘട്ടത്തില്‍ 113 പഞ്ചായത്തുകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. നിലവില്‍ നിശ്ചയിച്ച സൗകര്യങ്ങള്‍ പ്രകാരം ഒരു കളിക്കളത്തിന് 1 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 50 ലക്ഷം കായികവകുപ്പ് മുടക്കും.