ബഹിരാകാശ ശാസ്ത്ര-സാങ്കേതിക ബിരുദപഠനത്തിന് അവസരം
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (ഐ.ഐ.എസ്.ടി) വലിയമല, തിരുവനന്തപുരം ബഹിരാകാശ ശാസ്ത്ര-സാങ്കേതിക ബിരുദപഠനത്തിന് അവസരമൊരുക്കുന്നു. ബി.ടെക്-ഏറോസ്പേസ് എൻജിനീയറിങ് (സീറ്റുകൾ-75), ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് (ഏവിയോണിക്സ്) (75), നാലു വർഷത്തെ റസിഡൻഷ്യൽ പ്രോഗ്രാമാണിത്. എട്ട് സെമസ്റ്ററുകൾ.
പഞ്ചവത്സര ഇരട്ട ബിരുദം (ബി.ടെക്-എം.എസ്/എം.ടെക്)-സീറ്റുകൾ 24, സെമസ്റ്ററുകൾ-10, ബി.ടെക് തലത്തിൽ എൻജിനീയറിങ് ഫിസിക്സും മാസ്റ്റർ ഓഫ് സയൻസ് (എം.എസ്) കോഴ്സിൽ അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സ് അല്ലെങ്കിൽ സോളിഡ് സ്റ്റേറ്റ് ഫിസിക്സും അല്ലെങ്കിൽ എം.ടെക് കോഴ്സിൽ എർത്ത് സിസ്റ്റം സയൻസ്/ഓപ്ടിക്കൽ എൻജിനീയറിങ് പഠിക്കാം. ബി.ടെക് കഴിഞ്ഞ് പുറത്ത് പോകാനാകില്ല. എം.എസ്/എം.ടെക് പഠനം തുടരണം.
യോഗ്യത: ജെ.ഇ.ഇ അഡ്വാൻസ്ഡ് 2023ൽ യോഗ്യത നേടണം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ലാംഗ്വേജ്, മറ്റേതെങ്കിലും ഒരു വിഷയം ഉൾപ്പെടെ പ്ലസ് ടു/തത്തുല്യ പരീക്ഷയിൽ അഞ്ച് വിഷയങ്ങൾ പഠിച്ച് മൊത്തം 75 ശതമാനം മാർക്കിൽ കുറയാതെ ജയിച്ചിരിക്കണം. പട്ടികജാതി-വർഗ, ഭിന്നശേഷിക്കാർക്ക് 65 ശതമാനം മാർക്ക് മതി. അപേക്ഷകൾ 1998 ഒക്ടോബർ ഒന്നിന് ശേഷം ജനിച്ചവരാകണം. എസ്.സി/എസ്.ടി/പി.ഡി വിഭാഗങ്ങൾക്ക് അഞ്ച് വർഷത്തെ ഇളവുണ്ട്.
വിജ്ഞാപനം www.iist.ac.in/admissions/undergraduateൽ. 18 മുതൽ 28വരെ http://admission.iist.ac.inൽ ഓൺലൈനായി അപേക്ഷിക്കാം. രജിസ്ട്രേഷൻ ഫീസ് 600 രൂപ. വനിതകൾക്കും എസ്.സി/എസ്.ടി/പി.ഡി വിഭാഗങ്ങളിൽപെടുന്നവർക്കും 300 മതി. മെറിറ്റടിസ്ഥാനത്തിൽ ഐ.ഐ.എസ്.ടി തയാറാക്കുന്ന റാങ്ക്ലിസ്റ്റ് 29 വൈകീട്ട് അഞ്ചിന് പ്രസിദ്ധപ്പെടുത്തും. സീറ്റ് അലോട്ട്മെന്റ് നടപടികൾ ജൂലൈ മൂന്നിന് ആരംഭിക്കും. സെമസ്റ്റർ ട്യൂഷൻ ഫീസ് 62,500. വിവിധ ഇനങ്ങളിലായി ഓരോ സെമസ്റ്ററിലും 91,700 വീതം ഫീസ് അടക്കണം.