വിദ്യാർഥികളെ മർദിച്ച എസ്.ഐയെ സസ്പെൻഡ് ചെയ്തു

 വിദ്യാർഥികളെ മർദിച്ച എസ്.ഐയെ സസ്പെൻഡ് ചെയ്തു

വിദ്യാർത്ഥികളെ മർദിച്ച കോതമംഗലം സ്‌റ്റേഷനിലെ എസ് ഐ മാഹിനെ സസ്പെൻഡ് ചെയ്തു. മാര്‍ ബസേലിയോസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ റോഷന്‍ റെന്നി ആണ് മർദ്ദനത്തിന് ഇരയായ വിദ്യാർഥി.

റോഷന്‍റെ സുഹൃത്തിനെ പോലീസ് സ്റ്റേഷനിലേക്ക് കൂട്ടികൊണ്ട് പോയതിനെ തുടര്‍ന്ന് മറ്റ് സുഹൃത്തുക്കളുമായി കോതമംഗലം സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം. സ്റ്റേഷന് അകത്തേക്ക് വലിച്ചുകയറ്റിയ ശേഷം ഇടത് കരണത്തും ചെവിയിലും ശക്തമായി മര്‍ദിച്ചെന്ന് വിദ്യാർഥി കോതമംഗലം എസ്.എച്ച്.ഒയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ചെവിയ്ക്ക് അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോതമംഗലം സര്‍ക്കാര്‍ ആശുപത്രിയിലും രണ്ട് സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയെന്നും പരാതിയില്‍ പറയുന്നു. ഹോട്ടൽ പരിസരത്ത് ബഹളം ഉണ്ടാക്കിയെന്നാരോപിച്ച് വിദ്യാർഥികളെ സ്റ്റേഷനിലെത്തിച്ചതെന്നാണ് പൊലീസ് വിശദീകരണം.