കാമുകനെ കൊല്ലാൻ ആസൂത്രിത നീക്കം
തിരുവനന്തപുരം പാറശ്ശാലയിലെ ഷാരോണിന്റെ കൊലപാതകത്തിൽ തുടക്കം മുതലേ കാമുകി ഗ്രീഷ്മയ്ക്ക് എതിരെ ഉയർന്നത് ഗുരുതര ആരോപണങ്ങൾ ആണ്. അന്ധവിശ്വാസം കാരണമാണ് കൊന്നതെന്നും വിഷം നൽകിയാണ് കൊന്നതെന്നും ഷാരോണിന്റെ കുടുംബം ആരോപിച്ചിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലിലും തെളിഞ്ഞത് അവിശ്വസനീയമായി തോന്നുന്ന കാര്യങ്ങൾ ആണ്. കാമുകനെ കൊല്ലാൻ ദിവസങ്ങളോളം വഴികൾ ഗ്രീഷ്മ ഇന്റർനെറ്റിൽ പരതി. ഒടുവിലാണ് തുരിശ് നൽകാൻ ഗ്രീഷ്‌മ തീരുമാനിച്ചത്. കോപ്പർ സൾഫേറ്റ് എന്ന രാസപദാർത്ഥം കഷായത്തിൽ ചേർത്ത് ആണ് നൽകിയത്. തുടക്കം മുതൽ കുറ്റം നിഷേധിച്ച ഗ്രീഷ്മ 8 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ ആണ് കുറ്റം സമ്മതിച്ചത്. ശാസ്ത്രീയ പരിശോധന ഫലവും പോസ്റ്റ്മാർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയും വന്നതോടെയാണ് പോലീസിന്റെ അന്വേഷണം ഗ്രീഷ്മയിലേക്കു കേന്ദ്രീകരിച്ചത്.