‘സ്മാർട്ടാകാൻ’ ഷാർജ വിമാനത്താവളം
അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഈ വർഷം മുതൽ യാത്രക്കാരുടെ മുഖം തിരിച്ചറിയൽ സംവിധാനം നിലവിൽ വരുമെന്ന് ഷാർജ എയർപോർട്ട് അതോറിറ്റി അധികൃതർ അറിയിച്ചു. ഇതിന്റെ ഭാഗമായി ബയോമെട്രിക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള തയാറെടുപ്പുകൾ അവസാനഘട്ടത്തിലാണ്. യാത്ര സുഗമമാക്കുന്നതിനുവേണ്ടിയാണ് പുതിയ പദ്ധതികൾ ആരംഭിക്കുന്നതെന്നും മുഖം തിരിച്ചറിയൽ പദ്ധതിയുടെ മുന്നൊരുക്കം 50 ശതമാനം പൂർത്തിയായെന്നും അതോറിറ്റി ഡയറക്ടർ ഷെയ്ഖ് ഫൈസൽ ബിൻ സൗദ് അൽ ഖാസിമി പറഞ്ഞു. 2022ൽ ഷാർജ വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം 84.73 ശതമാനം വർധിച്ച് 1.3 കോടിയിലെത്തിയിരുന്നു. 2021ൽ 57,679 ആയിരുന്ന വിമാനങ്ങളുടെ എണ്ണം 2022ൽ 51.69 ശതമാനം വർധിച്ച് 87,495ലും എത്തിയിരുന്നു. ഈ വർഷം അവസാനത്തോടെ യാത്രക്കാരുടെ എണ്ണത്തിൽ അഞ്ചു ശതമാനംകൂടി വർധന പ്രതീക്ഷിക്കുന്നതിനാൽ പുതിയ മാറ്റങ്ങൾ അനിവാര്യമാണെന്ന് അതോറിറ്റി ചെയർമാൻ അലി സലിം അൽ മിദ്ഫ പറഞ്ഞു.