ബുധനാഴ്ച വരെ പൊടിക്കാറ്റിനും മഴക്കും സാധ്യത
സൗദിയിലെ വിവിധ പ്രദേശങ്ങളിൽ ബുധനാഴ്ചവരെ പൊടിക്കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. രാജ്യത്ത് വരും ദിവസങ്ങളിൽ കാലാവസ്ഥ മാറ്റമുണ്ടാകുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കാൻ പ്രദേശവാസികളോട് സിവിൽ ഡിഫൻസ് വിഭാഗം നിർദേശം നൽകി.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാജ്യത്തെ ഉത്തര അതിർത്തികൾ, കിഴക്കൻ പ്രവിശ്യ, റിയാദ് നഗരത്തിന്റെ ചില പ്രദേശങ്ങൾ, അൽ കസീം, ഹാഇൽ തുടങ്ങിയ ഇടങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ട്. അസീറിന്റെ ചില ഭാഗങ്ങളിൽ മഴയോടൊപ്പം ആലിപ്പഴ വീഴ്ചയും പ്രതീക്ഷിക്കുന്നു. താഴ്ന്ന പ്രദേശങ്ങളിലും മലഞ്ചെരുവുകളിലും തോടുകൾക്കും താഴ്വാരങ്ങൾക്കടിയിലും താമസിക്കുന്നവർ വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിലേക്ക് അടുക്കരുതെന്നും മഴപെയ്യുമ്പോൾ ഒഴുക്കിലൂടെ നീന്തിക്കടക്കാൻ ശ്രമിക്കുന്നതും അപകട സാധ്യതയുള്ളതാണെന്നും സിവിൽ ഡിഫൻസ് പ്രത്യേകം മുന്നറിയിപ്പിൽ ചൂണ്ടിക്കാട്ടി.
വിവിധ സമൂഹ മാധ്യമങ്ങൾ വഴിയും മറ്റും അറിയിക്കുന്ന കാലാവസ്ഥ മുന്നറിയിപ്പുകളും സുരക്ഷ നിർദേശങ്ങളും പാലിക്കാൻ രാജ്യത്തെ എല്ലാ താമസക്കാരും തയാറാകണമെന്നും സിവിൽ ഡിഫൻസ് അധികൃതർ മുന്നറിയിപ്പ് നൽകി.