16ാമത് ദുരിതാശ്വാസ വിമാനം പുറപ്പെട്ടു
ഭൂകമ്പം നാശം വിതച്ച തുർക്കിയയുടെ വിവിധ പ്രദേശങ്ങളിലേക്കുള്ള സൗദിയുടെ സഹായങ്ങൾ തുടരുന്നു. രാജ്യത്ത് നിന്നുള്ള 16ാമത് ദുരിതാശ്വാസ വിമാനം ചൊവ്വാഴ്‌ച റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് തുർക്കിയയിലെ ഗാസിയാൻടെപ് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു.
വിമാനത്തിൽ 1,700 ടെന്റുകൾ, 11,000 വിന്റർ ബാഗുകൾ, 2,500 സ്ലീപ്പിങ് മാറ്റുകൾ, 1,800 പുതപ്പുകൾ എന്നിവയുൾപ്പെടെ 86 ടൺ ഷെൽട്ടർ മെറ്റീരിയലുകളാണുള്ളത്. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശമനുസരിച്ച് സിറിയയിലെയും തുർക്കിയയിലെയും ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി കിങ് സൽമാൻ സെന്റർ ഫോർ റിലീഫ് ആൻഡ് ഹ്യുമാനിറ്റേറിയൻ എയ്ഡ് നടത്തുന്ന സൗദി റിലീഫ് എയർ ബ്രിഡ്ജിന് കീഴിലാണ് ദുരിതാശ്വാസ വസ്തുക്കൾ അയക്കുന്നത്.