സൗദി സ്ഥാപക ദിന മാർച്ച്; അണിനിരന്നത് 4800ലധികം കലാകാരന്മാർ
സൗദി സ്ഥാപക ദിനത്തോടനുബന്ധിച്ച് സാംസ്കാരിക മന്ത്രാലയം റിയാദിലെ അമീർ തുർക്കി ബിൻ അബ്ദുൽ അസീസ് അൽഅവ്വൽ റോഡിൽ സംഘടിപ്പിച്ച മാർച്ചിൽ പങ്കെടുത്തത് 4,800ൽ അധികം കലാകാരന്മാർ. ആഭ്യന്തരമന്ത്രാലയത്തിന്റെ സൈനിക പരേഡ്, ജനകീയ കലാപ്രകടനങ്ങൾ, സൗദി പാരമ്പര്യവും സാംസ്കാരിക തനിമയും വിളിച്ചോതുന്ന അവിഷ്കാരങ്ങൾ എന്നിവ കൊണ്ട് സമ്പന്നമായിരുന്നു മാർച്ച്.
ആഭ്യന്തര മന്ത്രാലയവും അതിന്റെ സുരക്ഷ വിഭാഗവും ചേർന്ന് ‘ത്യാഗം’ എന്ന പേരിൽ അവതരിപ്പിച്ച സൈനിക സംഗീത പരിപാടി സൗദി രാഷ്ട്രം സ്ഥാപിതമായതുമുതൽ നിലനിൽക്കുന്ന സുരക്ഷയുടെ സന്ദേശം വിളംബരം ചെയ്യുന്നതായി. ‘സ്ഥാപക മാർച്ചി’ൽ അണിനിരന്ന അലങ്കരിച്ച എട്ടു വാഹനങ്ങൾ രാജ്യത്തിന്റെ സ്വത്വവുമായി അടുത്ത ബന്ധമുള്ള മൂന്നു നൂറ്റാണ്ട് നീണ്ട സംസ്കാരത്തിന്റെ സവിശേഷതകൾ വിളിച്ചോതുന്നതായിരുന്നു.