അമ്പതിന്റെ നിറവിൽ സച്ചിൻ

 അമ്പതിന്റെ നിറവിൽ സച്ചിൻ

ക്രിക്കറ്റിന്‍റെ ദൈവത്തിന് ഇന്ന് അമ്പതാം പിറന്നാള്‍. പതിനാറാം വയസ്സിൽ ടെസ്റ്റ് അരങ്ങേറ്റം മുതൽ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ സ്വന്തം കാണികൾക്ക് മുന്നിൽ ലോകകപ്പ് ഉയർത്തുന്നത് വരെ, സംഭവബഹുലമായിരുന്നു സച്ചിൻ ടെൻഡുൽക്കറുടെ ക്രിക്കറ്റ് കരിയർ. 1989 നവംബറിൽ പാക്കിസ്ഥാനെതിരെയാണ് മാസ്റ്റർ ബ്ലാസ്റ്റർ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. ഒരു മാസത്തിന് ശേഷം, അതേ എതിരാളികൾക്കെതിരെ സച്ചിൻ ആദ്യമായി ഏകദിനത്തിൽ ടീം ഇന്ത്യ ജേഴ്സി അണിഞ്ഞു.

ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളും ഇന്ത്യയിലെ ഒരു പാർലമെന്റ് മെമ്പറുമാണ്. രണ്ടു പതിറ്റാണ്ട് കാലം സച്ചിൻ ഇന്ത്യൻ ക്രിക്കറ്റിന് നെടും തൂൺ ആയി നിന്നു. സച്ചിൻ്റെ ബാറ്റിംഗ ഇന്ത്യക്ക് നിരവധി വിജയങ്ങൾ സമ്മാനിച്ചു. ക്രിക്കറ്റ് മതമായ ഇന്ത്യയിൽ സച്ചിൻ ദൈവമായി. സ്വഭാവശുദ്ധികളഞ്ഞു കുളിക്കാത്ത സച്ചിൻ മാന്യന്മാരുടെ കളിക്ക് കൂടുതൽ മാന്യത നൽകി. 2002-ൽ ക്രിക്കറ്റ് ലോകത്തെ ആധികാരിക മാസികയായ വിസ്ഡൺ മാസിക ഡോൺ ബ്രാഡ്‌മാനു ശേഷം ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച രണ്ടാമത്തെ ക്രിക്കറ്റ് പ്രതിഭയായും, മികച്ച രണ്ടാമത്തെ ഏക ദിന ക്രിക്കറ്റ് കളിക്കാരനായും തെണ്ടുൽക്കറെ തിരഞ്ഞെടുത്തു. വിവിയൻ റിച്ചാർഡ്‌സ് ആയിരുന്നു പ്രഥമ സ്ഥാനത്ത്.`

മഹാരാഷ്ട്രയിലെ മുംബൈയില്‍ 1973 ഏപ്രില്‍ 24നായിരുന്നു സച്ചിന്‍ രമേഷ് ടെന്‍ഡുല്‍ക്കറുടെ ജനനം. മുംബൈയിലെ ശാരദാശ്രം വിദ്യാമന്ദിറിലായിരുന്നു സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പ്രാഥമിക വിദ്യാഭ്യാസം. അവിടെ നിന്നാണ്‌ ക്രിക്കറ്റിന്‍റെ ബാലപാഠങ്ങൾ രമാകാന്ത് അചരേക്കറിൽ നിന്ന് കുഞ്ഞു സച്ചിൻ പഠിച്ചെടുത്തത്. പിന്നീട് സംഭവിച്ചതെല്ലാം ലോക ക്രിക്കറ്റിന്‍റെ ചരിത്രത്തിനോടൊപ്പം എഴുതിച്ചേർക്കപ്പെട്ടു.

രാജ്യാന്തര ക്രിക്കറ്റില്‍ 664 മത്സരങ്ങളില്‍ നിന്ന് 100 സെഞ്ചുറികളോടെ 34,357 റണ്‍സും എണ്ണിയാലൊടുങ്ങാത്ത റെക്കോർഡുകളുമാണ് സച്ചിന്‍റെ ക്രിക്കറ്റ് സമ്പാദ്യം. സെഞ്ചുറികളിൽ സെഞ്ചുറി തീര്‍ത്ത ഏക ക്രിക്കറ്ററായി ഇന്നും സച്ചിന്‍ തുടരുന്നു. 2012 മാര്‍ച്ചിൽ ബംഗ്ലാദേശിനെതിരെയായിരുന്നു സച്ചിന്‍റെ നൂറാം സെഞ്ചുറി. ടെസ്റ്റിൽ 51 ഉം ഏകദിനത്തിൽ 49 ഉം ഉൾപ്പടെയാണ് സച്ചിന്‍ സെഞ്ചുറികളില്‍ 100 പൂർത്തിയാക്കിയത്. രാജ്യാന്തര ടി20 അരങ്ങേറ്റം 2006 ഡിസംബർ ഒന്നിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരുന്നു. ഈ മത്സരം സച്ചിന്‍റെ അവസാന രാജ്യാന്തര ടി20യുമായി.

റെക്കോർഡുകളുടെ തമ്പുരാന്‍ ആണ് സച്ചിൻ. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ റണ്‍സ്, സെഞ്ചുറികള്‍, ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ഫിഫ്റ്റികള്‍(68), ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദ് മാച്ച്(59), മാന്‍ ഓഫ് ദ് സീരീസ്(14), പ്രായം കുറഞ്ഞ ഇന്ത്യന്‍ ടെസ്റ്റ് താരം(16 വയസും 205 ദിവസവും), ഏകദിനത്തിലെ പ്രായം കുറഞ്ഞ ഇന്ത്യൻ(16 വയസും 238 ദിവസവും) ഏകദിന ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ റൺസ്(1894), ഏകദിന ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഫിഫ്റ്റികള്‍(9), ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ്(2278) തുടങ്ങി എണ്ണിയാലൊടുങ്ങാത്ത റെക്കോർഡുകള്‍ മാസ്റ്റർ ബ്ലാസ്റ്റർ കരസ്ഥമാക്കി. 2003 ലോകകപ്പിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട സച്ചിന്‍ 2004, 2007 വർഷങ്ങളില്‍ ഐസിസിയുടെ ലോക ഇലവനില്‍ ഇടംപിടിച്ചു.

രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയന്‍ ബഹുമതിയായ ഭാരതരത്നയും പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്ന പുരസ്കാരവും അർജുന അവാർഡും പത്മശ്രീയും പത്മവിഭൂഷനും വിസ്ഡന്‍ ക്രിക്കറ്റർ ഓഫ് ദ് ഇയറും ലോറസ് പുരസ്കാരവും അടക്കം അനവധി നേട്ടങ്ങള്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കർ തന്‍റെ ഷോക്കേസില്‍ എത്തിച്ചിട്ടുണ്ട്.

1995-ൽ സച്ചിൻ ഗുജറാത്തി വ്യവസായി ആയിരുന്ന ആനന്ദ് മേത്തയുടെ മകൾ ഡോ. അഞ്ജലി (ജനനം:10 നവംബർ 1967) എന്ന ശിശുരോഗവിദഗ്ദ്ധയെ വിവാഹം ചെയ്തു. ഇതൊരു പ്രണയവിവാഹം തന്നെയായിരുന്നു. സച്ചിനേക്കാൾ ആറു വയസ്സ് മുതിർന്ന യുവതിയായിരുന്നു ഡോ. അഞ്ജലി. ഈ ദമ്പതികൾക്ക് സാറ, അർജ്ജുൻ എന്നീ രണ്ടു മക്കൾ‍ ആണുള്ളത്. അർജ്ജുൻ ഇപ്പോൾ അച്ഛന്റെ പാത പിന്തുടർന്നുകൊണ്ട് ക്രിക്കറ്റിലേക്ക് ചുവടു വെച്ചിട്ടുണ്ട്.