2000 സ്കൂളുകള്‍ക്ക് 9000റോബോട്ടിക് ലാബുകള്‍
വിനോദ പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് അറിവും കഴിവുകളും വികസിപ്പിക്കുന്നതിനുള്ള നൂതന പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന മേഖലയാണ് റോബോട്ടിക്സ്. റോബോട്ടിക്‌സിന്റെ അടിസ്ഥാനകാര്യങ്ങളെ പരിചയപ്പെടുത്തുന്നത് കുട്ടികളിൽ വിവിധ ശേഷികൾ വളർത്തുന്നതിന് സഹായകരമാകും. വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും ശാസ്ത്ര സാങ്കേതിക മേഖലയിലെ വിഷയങ്ങളിലെ അമൂർത്തവും സങ്കീർണ്ണവുമായ ആശയങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്നതനുമുള്ള ഉപകരണമായി റോബോട്ടിക്സ് ഇന്ന് വിദ്യാഭ്യാസ മേഖലയിൽ പ്രയോജനപ്പെടുത്തുന്നു. ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ പ്രധാനപ്പെട്ടൊരു പരിശീലന മേഖലയാണ് റോബോട്ടിക്സ്.
ഈ മേഖലയിലെ പരിശീലനം നേടുക വഴി റോബോട്ടിക്സ്, ഐ.ഒ.ടി., ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള പുത്തൻ സാങ്കേതിക മേഖലകളിൽ പ്രായോഗിക പരിശീലനം നേടുന്നതിന് പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് അവസരം ലഭിക്കുന്നു. കൂടാതെ ഇതിനായി പ്രോഗ്രാമിങ് പരിശീലിക്കുന്നത് കുട്ടികളിലെ യുക്തിചിന്ത, പ്രശ്നപരിഹാരശേഷി എന്നിവ വളർത്താനും സഹായകരമാകുന്നു. ഇത് എല്ലാ വിഷയത്തിന്റെയും പഠനത്തിന് കുട്ടികളെ സഹായിക്കുന്നു. ലിറ്റിൽകൈറ്റ്സ് പാഠ്യപദ്ധതിയിലെ റോബോട്ടിക് പ്രവർത്തനങ്ങൾക്കായി 2000 സ്കൂളുകൾക്ക് 9000 റോബോട്ടിക് കിറ്റുകളാണ് ഇപ്പോൾ നൽകുന്നത്. ഇതോടൊപ്പം സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കുന്നതിനായി പ്രത്യേക പരിശീലന മൊഡ്യൂള്‍ ഉപയോഗിച്ചുള്ള പരിശീലനവും 4000 കൈറ്റ് മാസ്റ്റര്‍മാര്‍ക്ക് നല്‍കും. ഇവരുടെ നേതൃത്വത്തില്‍ നേരിട്ട് 60,000 കുട്ടികള്‍ക്കും കൈറ്റ് പരിശീലനം നല്‍കുന്നുണ്ട്.
ട്രാഫിക് സിഗ്നൽ, പ്രകാശത്തെ സെൻസ് ചെയ്ത് പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്, ഇലക്ട്രോണിക് ഡയസ്, ഓട്ടോമാറ്റിക് ഡോർ, സെക്യൂരിറ്റി അലാം തുടങ്ങിയ ഉപകരണങ്ങൾ തയാറാക്കുന്ന പ്രവർത്തനങ്ങൾക്ക് സ്കൂൾ തലത്തിൽ പരിശീലനം നൽകും. ഇലക്ട്രോണിക് വോട്ടിങ് മെഷീൻ, വോയ്‌സ് കൺട്രോൾഡ് ഹോം ഓട്ടോമാഷൻ , ബ്ലൈൻഡ് അസിസ്റ്റീവ് വോക്കിങ് സ്റ്റിക്ക് തുടങ്ങിയ ഉപകരണങ്ങൾ തയാറാക്കുന്ന പ്രവർത്തനങ്ങൾ സബ്ജില്ല, ജില്ലാതലത്തിലും കുട്ടികൾ പരിശീലിക്കുന്നു. പരിശീലനം നേടുന്ന ലിറ്റില്‍ കൈറ്റ്സ് ഐ.ടി. ക്ലബ്ബിലെ കുട്ടികള്‍ അവരുടെ കൈറ്റ് മാസ്റ്റര്‍മാരായ അധ്യാപകരുടെ സഹായത്തോടെ സ്കൂളുകളിലെ മറ്റ് കുട്ടികള്‍ക്ക് പരിശീലനം നല്‍കും. അങ്ങനെ 12 ലക്ഷം കുട്ടികള്‍ക്കാണ് ഇതിലൂടെ പരിശീലനം ലഭിക്കുക. ഇതോടൊപ്പം സ്ക്രാച്ച് ഉപയോഗിച്ച് കമ്പ്യൂട്ടർ ഗെയിം തയാറാക്കൽ, പ്രശസ്തമായ എം ഐ ടിയുടെ ആപ്പ് ഇൻവെന്റർ ഉപയോഗിച്ച് മൊബൈൽ ആപ്പ് നിർമ്മിക്കൽ, ആർട്ടിഫിഷ്യൽ ഇന്റലിജന്റ് പ്രവർത്തനങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമായി കുട്ടികൾ പരിശീലിക്കുന്നുണ്ട്.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാനം ഡിസംബര്‍ 8 ഉച്ചയ്ക്ക് 12.15 ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ തിരുവനന്തപുരം വെള്ളയമ്പലത്തുള്ള ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നിര്‍വഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ധനകാര്യ വകുപ്പു മന്ത്രി ശ്രീ. കെ.എന്‍. ബാലഗോപാല്‍ മുഖ്യാതിഥി ആയിരിക്കും.