ഇന്ന് ലോക വായന ദിനം
ഇന്ന് ലോക വായനാ ദിനം. വായനയുടെ ആവശ്യകത ഓർമിപ്പിക്കാനാണ് ദിനാചരണം. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന പി എൻ പണിക്കരുടെ ജന്മദിനമാണ് വായന ദിനമായി നാം ആചരിക്കുന്നത്. കേരളത്തിന്റെ മുക്കിലും മൂലയിലും ബുദ്ധിമുട്ടുകൾ അവഗണിച്ച എത്തിച്ചേർന്ന് ഗ്രന്ഥശാലകൾക്ക് രൂപം നൽകിയ പി എൻ പണിക്കർക്കുള്ള സനേഹാദരം കൂടിയാണ് ഈ ദിനം. നാലായിരത്തിലധികം ഗ്രന്ധശാലകൾക്കാണ് പി എൻ പണിക്കർ രൂപം നൽകിയത്.
ഏതൊരു ഭാഷയുടേയും നിലനിൽപ്പ് അവയിൽ ഉല്പാദിപ്പിക്കപ്പെടുന്നതും വായിക്കുന്നതുമായ പുസ്തകങ്ങളുമായി ഇഴചേർന്നു കിടക്കുന്നു. ലോകത്താകെ 573 ഭാഷകളാണ് ഇതുവരെ വംശമറ്റുപോയിട്ടുള്ളത്. ഇലക്ട്രോണിക് മാധ്യമങ്ങളുടെ അതിപ്രസരം പരന്ന വായനയെ പിന്നോട്ടടിപ്പിച്ചെങ്കിലും അതേ സാങ്കേതിക വിദ്യകൾ തന്നെ വായനയെ പുഷ്ടിപ്പെടുത്തുന്നുമുണ്ട്. വായന മരിക്കുന്നുവെന്ന ആശങ്കയ്ക്കിടെയാണ് ഇത്തവണത്തേയും വായനാ ദിനം എത്തുന്നത്. ദൃശ്യമാധ്യമങ്ങളുടെ അധിനിവേശം വിരൽത്തുമ്പിൽ ചലന ചിത്രങ്ങളാകുന്പോൾ, അക്ഷരങ്ങളുടെ ലോകത്തേക്ക് ശ്രദ്ധ ചലിപ്പിക്കാൻ പുതു തലമുറക്ക് താത്പര്യം കുറഞ്ഞു വരുന്നുണ്ട് എന്നത് കാണാതെ പോകരുത്.