സർവർ തകരാർ പരിഹരിച്ചു; റേഷൻ കടകൾ നാളെ തുറക്കും
ഇ പോസ് സർവർ തകരാർ പരിഹരിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ റേഷൻ കടകൾ നാളെ മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ സംസ്ഥാനത്തെ അറിയിച്ചു. ഇ-പോസ് മുഖേനയുള്ള റേഷന്‍ വിതരണം പുന:സ്ഥാപിക്കാൻ സാധിച്ചതായി സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. നാളെ രാവിലെ ഏഴ് ജില്ലകളിലും ഉച്ചയ്ക്ക് ശേഷം അവശേഷിക്കുന്ന ഏഴ് ജില്ലകളിലും എന്ന നിലയിലായിരിക്കും മൂന്നാം തീയതി വരെയുള്ള റേഷൻ വിതരണം. സെർവർ തകരാറിനെ തുടർന്ന് മൂന്ന് ദിവസമാണ് സംസ്ഥാനത്തെ റേഷൻ കടകൾ അടച്ചിട്ടത്.
നിലവിലെ സര്‍വ്വറുകളില്‍ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ ക്ലൗഡ് സ്റ്റോറേജിലേയ്ക്ക് മാറ്റുന്ന പ്രക്രിയ നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ ഇന്ന് വൈകുന്നേരത്തോടെ പൂര്‍ത്തീകരിച്ചു. മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. ഇ-പോസ് മുഖേനയുള്ള റേഷന്‍ വിതരണം നാളെ മുതല്‍ പുന:സ്ഥാപിക്കാന്‍ കഴിയുമെന്ന് അദ്ദേഹം അറിയിച്ചു. എൻഐസി ഹൈദരാബാദിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഡാറ്റാ മൈഗ്രേഷന്‍ നടത്തിയത്. എൻഐസി നടത്തിയ ഡാറ്റാ മൈഗ്രേഷന് ശേഷം സ്റ്റേറ്റ് ഐടി മിഷന്റെ സഹായത്തോടെ ലോഡ് ടെസ്റ്റിംഗും വിജയകരമായി പൂര്‍ത്തികരിച്ചു.
നാളെ രാവിലെ 8 മണി മുതല്‍ 1 മണി വരെ മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് റേഷൻ വിതരണം നടക്കുക. ഉച്ച്യ്ക്ക് 2 മണി മുതല്‍ 7 മണി വരെ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിലും റേഷന്‍ വിതരണം നടക്കും. മെയ് 3 വരെ പ്രസ്തുത സമയ ക്രമം തുടരും. 2023 മെയ് 5 വരെ ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം ഉണ്ടായിരിക്കും. മെയ് 6 മുതല്‍ മെയ് മാസത്തെ റേഷന്‍ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
ഇ-പോസ് മുഖേനയുള്ള റേഷന്‍ വിതരണം സൂക്ഷ്മമായി നിരീക്ഷിക്കും. പ്രശ്നങ്ങള്‍ ഉണ്ടായാൽ അടിയന്തരമായ ഇടപെടല്‍ നടത്തുന്നതിന് പൊതുവിതരണ വകുപ്പിലെ ജില്ലാ സപ്ലൈ ഓഫീസര്‍ അടക്കമുള്ള മുഴുവന്‍ ഉദ്യോഗസ്ഥരും ഫീല്‍ഡില്‍ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.