അപൂർവരത്നം വിൽപ്പനയ്ക്ക്
അപൂർവങ്ങളിൽ അപൂർവ്വമായി കണക്കാക്കപ്പെടുന്ന 35 മില്യൺ ഡോളർ വിലമതിക്കുന്ന രത്നം വില്പനയ്ക്ക്. ന്യൂയോർക്കിൽ നടക്കുന്ന മാഗ്നിഫിസന്റ് ജ്വല്ലുകളുടെ വിൽപ്പനയുടെ ഭാഗമായാണ് സോത്തെബിസ് ഈ അപൂർവരത്നം ലേലം ചെയ്യാൻ ഒരുങ്ങുന്നത്. എറ്റേണൽ പിങ്ക് എന്ന് വിളിക്കപ്പെടുന്ന അപൂർവ റോസി-പർപ്പിൾ ഡയമണ്ട് ആണ് വില്പനയ്ക്കായി ഒരുക്കിയിരിക്കുന്നത്. ജൂണിലാണ് ലേലം നടക്കുന്നത്.
10.57 കാരറ്റ് ഉള്ള ഡയമണ്ട് ഇതുവരെ ലേലത്തിൽ വെച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വിലപിടിപ്പുള്ള പർപ്പിൾ-പിങ്ക് വജ്രമാണ്. ലോകത്തിലെ തന്നെ അപൂർവ്വമായ രത്നങ്ങളിൽ ഒന്നായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. സോത്തെബിസ് പുറത്തുവിടുന്ന വിവരം അനുസരിച്ച് ഈ അപൂർവ രത്നം ഖനനം ചെയ്തെടുത്തത് ബോട്സ്വാനയിൽ നിന്നാണ്. കൂടാതെ ലോകത്തിൽ വളരെ അപൂർവ്വം ആയിട്ടുള്ളതും ഏറ്റവും ആവശ്യക്കാർ ഉള്ളതുമായ രത്നങ്ങളിൽ ഒന്നാണ് പിങ്ക് വജ്രങ്ങൾ. നിക്ഷേപകരുടെ ഒരു പ്രധാന ആകർഷണ രത്നം കൂടിയാണ് ഇതെന്നാണ് സോത്തെബിസ് പറയുന്നത്.
2017 -ൽ ഹോങ്കോങ്ങില്‍ നടന്ന ലേലമാണ് ഇതുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന ലേല വില രേഖപ്പെടുത്തിയ ലേലമായി കണക്കാക്കുന്നത്. അന്ന് 71.2 മില്യൺ ഡോളറിനാണ് CTF പിങ്ക് സ്റ്റാർ രത്നം വിറ്റു പോയത്. ഇതിനെ മറികടക്കുന്നതായിരിക്കും വരുന്ന ജൂണിൽ ന്യൂയോർക്കിൽ നടക്കാനിരിക്കുന്ന സോത്തെബിസിന്റെ റോസി-പർപ്പിൾ ഡയമണ്ട് ലേലം. ഇന്ത്യൻ രൂപയിൽ 2,878,412,390.00 ആണ് ലേലത്തുക.
ഒരു കാരറ്റിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ ലേലം 2022 -ൽ 57.7 മില്യൺ ഡോളറിന് വിറ്റ വില്യംസൺ പിങ്ക് സ്റ്റാർ ഡയമണ്ട് ആയിരുന്നു. ഹോങ്കോങ്ങിൽ നടന്ന ഈ ലേലം ഒരു കാരറ്റിന് ഏറ്റവും ഉയർന്ന വിലയായ 5.2 മില്യൺ ഡോളർ എന്ന റെക്കോർഡ് സ്വന്തമാക്കി.