900 ഉൽപന്നങ്ങൾക്ക് വിലക്കുറവ്
വിശുദ്ധ റമദാന് മുന്നോടിയായി നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ 900 ഉൽപന്നങ്ങൾക്ക് വില കുറച്ച് വാണിജ്യ വ്യവസായ മന്ത്രാലയം. രാജ്യത്തെ പ്രധാന വിൽപനകേന്ദ്രങ്ങളുമായി സഹകരിച്ചാണ് നിത്യോപയോഗ വസ്തുക്കളുടെ വില കുറച്ചത്. ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് വിലക്കുറവ് പ്രഖ്യാപിച്ചത്. റമദാൻ അവസാനിക്കുന്നതുവരെ ഈ ഉൽപന്നങ്ങളുടെ വിലക്കുറവ് തുടരുമെന്ന് മന്ത്രാലയം അറിയിപ്പിൽ വ്യക്തമാക്കി. റമദാനിൽ രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും കുറഞ്ഞ വിലയിൽ അവശ്യവസ്തുക്കൾ ലഭ്യമാക്കാനും ജീവിതച്ചെലവ് കുറക്കാനും ലക്ഷ്യമിട്ടാണ് മന്ത്രാലയം ഇടപെടലിലൂടെ വിലക്കുറവ് നൽകുന്നത്. റമദാനിൽ പൊതുവെ സാധനങ്ങൾ വാങ്ങുന്നതിന്റെ അളവ് വർധിക്കുന്ന സാഹചര്യംകൂടിയാണ്.
അരി, ധാന്യങ്ങൾ, നൂഡ്ൽസ്, പാൽ, പാലുൽപന്നങ്ങൾ, കോൺ, പാചക എണ്ണകൾ, ബട്ടർ, ചീസ്, ജ്യൂസ്, പഞ്ചസാര, കാപ്പി, ചായ, ഉപ്പ്, ഈത്തപ്പഴം, കുടിവെള്ളം, ടിഷ്യൂ പേപ്പർ, പച്ചക്കറികൾ, മുട്ട, ഇറച്ചി, ക്ലീനിങ് ഉൽപന്നങ്ങൾ എന്നിവ ഉൾപ്പെടെ 900 ഉൽപന്നങ്ങളാണ് വിലക്കുറവിൽ ലഭ്യമാവുന്നത്. ഇവയുടെ പട്ടിക മന്ത്രാലയം പ്രസിദ്ധീകരിച്ചു. രാജ്യത്തെ പ്രമുഖ ഹൈപ്പർ മാർക്കറ്റുകളായ ലുലു, അൽ മീര, സഫാരി ഹൈപ്പർ മാർക്കറ്റ്, കാരിഫോർ, അൻസാർ ഗാലറി, റവാബി ഹൈപ്പർ മാർക്കറ്റ്, ഫാമിലി ഫുഡ്സെന്റർ, ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് എന്നിവയുമായി സഹകരിച്ചാണ് വിലകുറച്ചത്.