റമദാൻ ; സിറ്റി ബസ് സർവിസ് പ്രഖ്യാപിച്ചു
റമദാനിൽ മദീനയിലെ സിറ്റി ബസുകളുടെ സർവിസ് പദ്ധതി പ്രഖ്യാപിച്ചു. മസ്ജിദുന്നബവിയിലേക്കും തിരിച്ചും ആളുകളെ എത്തിക്കുന്നതിനുള്ള ബസ് സർവിസ് മദീന വികസന അതോറിറ്റിയാണ് പ്രഖ്യാപിച്ചത്. റമദാനിലെ യാത്ര എളുപ്പമാക്കുന്നതിനായി പല റൂട്ടുകളിലായി നിരവധി ബസുകളാണ് സർവിസിനായി ഒരുക്കുന്നത്.
അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, ഹറമൈൻ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽനിന്ന് മുഴുസമയം ബസ് സർവിസുണ്ടാകും. ഖാലിദിയ, മിഖാത്ത്, സയ്യിദ് അൽശുഹാദ, അൽ ആലിയ, ത്വയ്യിബ സർവകലാശാല, അൽഖസ്വ എന്നിവിടങ്ങളിൽനിന്ന് പുലർച്ച മൂന്നുമുതൽ വൈകീട്ട് മൂന്ന് വരെയും ബസുകൾ സർവിസ് നടത്തും.ഷട്ടിൽ ബസ് സർവിസ് സേവനത്തിെൻറ ആവശ്യകത അനുസരിച്ച് നിലവിൽ ഏഴ് റൂട്ടുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
സ്റ്റേഡിയം, സയ്യിദ് അൽശുഹദാഅ്, ഖാലിദിയ, ദുർറത്ത് അൽമദീന, ഇസ്ലാമിക് യൂനിവേഴ്സിറ്റി, ഹയ്യു ഷദാത്, അൽആലിയ എന്നീ സ്ഥലങ്ങൾ ഇതിലുൾപ്പെടും. ഷട്ടിൽ ബസുകൾ മസ്ജിദുന്നബവിയിലേക്കും തിരിച്ചുമായിരിക്കും. ഖുബാഅ് പള്ളിയിലേക്കും ബസ് സർവിസുണ്ടാകും. വൈകീട്ട് മൂന്നു മുതൽ തറാവീഹ് നമസ്കാരം കഴിഞ്ഞതിനുശേഷം വരെയാണ് ഷട്ടിൽ ബസ് സർവിസ് നടത്തുക.