റമദാൻ സ്​പോർട്​സിന്​ തുടക്കം

 റമദാൻ സ്​പോർട്​സിന്​ തുടക്കം

പാഡൽ ചാമ്പ്യൻഷിപ്പോടെ റമദാൻ സപോർട്​സ്​ ഇവന്‍റായ നാദൽ ഷെബ സ്​പോർട്​സ്​ ടൂർണ​മെന്‍റിന്​ തുടക്കമായി. എല്ലാവർഷവും റമദാനിലുട നീളം നടക്കുന്ന ടൂർണമെന്‍റ്​ നാദൽ ഷെബ സ്​പോർട്​സ്​ കോംപ്ലക്സിലാണ്​ അരങ്ങേറുന്നത്​. സമ്മാനത്തുകയുടെ കാര്യത്തിൽ യു.എ.ഇയിലെ മുമ്പൻ ടൂർണമെന്‍റുകളിൽ ഒന്നാണ്​ നാസ്​ സ്​പോർട്​സ്​. ആവേശകരമായ പാഡൽ മത്സര​ത്തോടെയാണ്​ പത്താം സീസണ്​ തുടക്കമിട്ടത്​. രാജ്യാന്തര താരങ്ങളുൾപെടെ 500ഓളം താരങ്ങളാണ്​ പാഡൽ ചാമ്പ്യഷിപ്പിൽ കൊമ്പുകോർക്കുന്നത്​.

റമദാൻ രാവുകളെ സജീവമാക്കി എട്ട്​ കായിക മത്സരങ്ങളാണ് ഇവിടെ​ സംഘടിപ്പിക്കുന്നത്​. പാഡലിന്​ പുറമെ വോളിബാൾ, അമ്പെയ്ത്ത്​, ഫെൻസിങ്​, ഓട്ടം, സൈക്ലിങ്​, വീൽചെയർ ബാസ്​ക്കറ്റ്​ബാൾ, ജിയു ജിത്​സു എന്നിവ അരങ്ങേറും​. പ്രവാസികൾക്കും സ്വദേശികൾക്കും പ​ങ്കെടുക്കാം. വ്യക്​തിഗതമായും സംഘങ്ങളായും മത്സരിക്കാം. നാല്​, അഞ്ച്​, 10 കിലോമീറ്റർ വിഭാഗങ്ങളിലായാണ്​ ഓട്ട മത്സരം നടക്കുക. ഇതിൽ പ​ങ്കെടുക്കാൻ ഏപ്രിൽ മൂന്ന്​ വരെ രജിസ്റ്റർ ചെയ്യാം. കുട്ടികൾക്കും പ്രായമായവർക്കും പുരുഷൻമാർക്കും വനിതകൾക്കും വിവിധ വിഭാഗങ്ങളിലായി മത്സരങ്ങളുണ്ടാവും. രജിസ്​റ്റർ ചെയ്യാൻ nasrunning@dubaisc.ae, 0565336886 എന്ന ഇമെയിലിലോ ഫോൺ നമ്പറിലോ ബന്ധപ്പെടണം. മറ്റ്​ പല മത്സരങ്ങളുടെയും രജിസ്​ട്രേഷൻ കഴിഞ്ഞ ദിവസം അവസാനിച്ചു.