റമദാനില്‍ സംഭാവന പിരിക്കുന്നതില്‍ നിയന്ത്രണം
കുവൈറ്റിൽ റമദാന് മാസത്തില്‍ സംഭാവന പിരിക്കുന്നതില്‍ കടുത്ത നിയന്ത്രണം. അനധികൃത പണപ്പിരിവുകൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സാമൂഹികകാര്യ മന്ത്രാലയം വ്യക്തമാക്കി. സാമൂഹിക തൊഴിൽകാര്യ മന്ത്രാലയത്തിൽനിന്ന് അനുമതി കരസ്ഥമാക്കിയ സന്നദ്ധ സംഘടനകൾക്കാണ് പണം പിരിക്കാൻ അനുമതിയുണ്ടാവുകയെന്ന് പ്രാദേശിക മാധ്യമമായ അല്‍ അന്‍ബ റിപ്പോര്‍ട്ട് ചെയ്തു.
ചാരിറ്റി ഏജൻസിയുടെ ആസ്ഥാനങ്ങളിലും വാണിജ്യ കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും സംഭാവനകൾ സ്വീകരിക്കാന്‍ സാമൂഹിക മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. അതോടൊപ്പം പൊതുസ്ഥലങ്ങളില്‍ നിന്ന് പണം പിരിക്കുന്നവര്‍ മന്ത്രാലയത്തിന്റെ സമ്മതപത്രവും ചാരിറ്റി ഏജൻസിയുടെ തിരിച്ചറിയൽ കാര്‍ഡും പ്രദര്‍ശിപ്പിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. ചാരിറ്റി അസോസിയേഷനുകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഓൺലൈൻ, ബാങ്ക് ട്രാൻസ്ഫർ, കെ-നെറ്റ് സംവിധാനം എന്നിവ വഴിയായിരിക്കണം സംഭാവനകൾ നല്‍കേണ്ടത്. വ്യക്തികളിൽ നിന്ന് കറൻസികൾ നേരിട്ട് സ്വീകരിക്കുന്ന രീതി അനുവദിക്കില്ല.
പണം നല്‍കുന്നയാളുടെ പൂര്‍ണ വിവരങ്ങള്‍ ചാരിറ്റി ഏജൻസികൾ രേഖപ്പെടുത്തണമെന്നും സംഭാവന നല്‍കുന്നയാള്‍ക്ക് രസീത് നല്‍കണമെന്നും സാമൂഹികകാര്യ മന്ത്രാലയം അറിയിച്ചു. അനധികൃത പണപ്പിരിവുകളും ചൂഷണവും തടയുന്നതിന്റെ ഭാഗമായാണ് കര്‍ശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയത്.