ഖുർആനിക്​ പാർക്ക്​

 ഖുർആനിക്​ പാർക്ക്​

റമദാന്‍റെ വിശുദ്ധി ചോരാതെ വിനോദ സഞ്ചാരം നടത്താൻ ആഗ്രഹിക്കുന്നവർക്ക്​ ഉചിതമായ ഇടമാണ്​ ദുബൈയിലെ ഖുർആനിക്​ പാർക്ക്​. കുടുംബ സമേതം ഒരുമിച്ച്​ കൂടാനും നോമ്പുതുറക്കാനും കാഴ്ചകൾ കാണാനും ഇസ്​ലാമിനെ കുറിച്ചറിയാനും ഖുർആൻ വചനങ്ങൾ കേൾക്കാനുമുള്ള വേദി കൂടിയാണിത്​. സദാസമയം ഖുർആൻ വചനങ്ങൾ മുഴങ്ങുന്ന അന്തരീക്ഷത്തിൽ മനസിന്​ ശാന്തിയേകാനും ആത്​മീയ ചിന്തകളിൽ മുഴുകാനും അവസരമൊരുക്കുന്ന ശാന്തസുന്ദരമായ സ്ഥലം. വൈകുന്നേരങ്ങളിൽ കുടുംബ സമേതം ഭക്ഷണവുമായെത്തി നോമ്പുതുറന്ന്​ മടങ്ങുന്നവരും കുറവല്ല.

ഖുർആന്‍റെ സന്ദേശം ലോകത്തിന്​ പകർന്ന്​ നൽകാൻ ആരംഭിച്ച നിരവധി സംരംഭങ്ങളിൽ ഒന്നാണ്​ ഖുർആനിക്​ പാർക്ക്​. ഖവാനീജിലെ 60 ഹെക്ടറിൽ 2019 മാർച്ചിലാണ്​ പാർക്ക്​ തുറന്നത്​. എല്ലാ മതത്തിലുമുള്ളവർ എത്തുന്നു എന്നതാണ്​ പ്രത്യേകത. ഇതര മതസ്ഥർക്ക്​ ഇസ്​ലാമിനെ കുറിച്ചും ഖുർആനെ കുറിച്ചും കൂടുതൽ അറിയാൻ പാർക്ക്​ സഹായിക്കും. പ്രവാചക ചരിതം പറയുന്ന ഗുഹ, ​ഖുർആനിലെ ​സസ്യങ്ങൾ പരിചയപ്പെടുത്തുന്ന ഗ്ലാസ്​ ഹൗസ്​ തുടങ്ങിയവ ഇവിടെ കാണാം. മനുഷ്യരെ ദൈവാനുഗ്രഹങ്ങളെ കുറിച്ച്​ ഓർമിപ്പിക്കുന്ന വചനങ്ങൾ സദാസമയം ഇവിടെ മുഴങ്ങിക്കൊണ്ടിരിക്കും. ഖുർആനെ കുറിച്ച്​ ഗവേഷണം നടത്തുന്നവരുടെ പ്രിയപ്പെട്ട കേന്ദ്രം കൂടിയാണ്​ ഖുർആനിക്​ പാർക്ക്​. പ്രവേശനം സൗജന്യമാണ്​. എന്നാൽ, പാർക്കിനുള്ളിലെ ഗ്ലാസ്​ ഹൗസിലും ​ഗുഹയിലും പ്രവേശിക്കണമെങ്കിൽ അഞ്ച്​ ദിർഹം വീതം നൽകണം. ആർ.ടി.എയുടെ നോൾകാർഡ്​ ഉപയോഗിച്ചും പണം അടക്കാം. രാത്രി ഒമ്പത്​ വരെയാണ്​ പ്രവർത്തനം. ആദ്യ വർഷം മാത്രം 10 ലക്ഷം പേർ ഇവിടെയെത്തി.