മത്തൻ വിത്തിന്റെ ഗുണങ്ങൾ

 മത്തൻ വിത്തിന്റെ ഗുണങ്ങൾ

പച്ചക്കറികള്‍ ഉപയോഗിക്കുമ്പോള്‍ സാധാരണഗതിയില്‍ ഇവയിലെ വിത്തുകള്‍ മിക്കവരും വെറുതെ കളയാറാണ് പതിവ്. എന്നാല്‍ മത്തൻ, കുമ്പളം തുടങ്ങിയ പച്ചക്കറികളുടെയെല്ലാം വിത്തുകള്‍ വെറുതെ കളയാതെ ഉപയോഗിക്കാവുന്നതാണ്. ഇവയ്ക്ക് ആരോഗ്യഗുണങ്ങളും ഏറെയുണ്ട്. മത്തൻ കുരു അഥവാ പംകിൻ സീഡ്സ് ഇപ്പോള്‍ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധയുള്ളവരെല്ലാം വ്യാപകമായി ഡയറ്റിലുള്‍പ്പെടുത്തുന്ന ഒന്നാണ്. ദിവസവും അല്‍പം മത്തൻ കുരു കഴിക്കുന്നത് ശരീരത്തിന് പല വിധത്തിലാണ് ഗുണം ചെയ്യുക.

മത്തൻ കുരുവാകട്ടെ പ്രോട്ടീനിന്‍റെ നല്ലൊരു ഉറവിടമാണ്. മുതിര്‍ന്ന ഒരാള്‍ക്ക് ദിവസവും വേണ്ടിവരുന്ന പ്രോട്ടീനിന്‍റെ അളവിന്‍റെ ഏതാണ്ട് പകുതിയോളം 100 ഗ്രാം മത്തൻകുരുവിലുണ്ട്. പ്രോട്ടീൻ മാത്രമല്ല ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍, മഗ്നീഷ്യം- സിങ്ക് പോലുള്ള നമുക്ക് അവശ്യം വേണ്ടുന്ന ധാതുക്കള്‍, ആന്‍റി-ഓക്സിഡന്‍റുകള്‍ എന്നിവയുടെയെല്ലാം നല്ലൊരു സ്രോതസാണ് മത്തൻ കുരു.

മത്തൻകുരു അങ്ങനെ തന്നെ കഴിക്കാൻ അധികപേര്‍ക്കും ഇഷ്ടമല്ല. എന്നാലിത് റോസ്റ്റ് ചെയ്തതാണെങ്കില്‍ എത്ര വേണമെങ്കിലും കഴിക്കുകയും ചെയ്യും. റോസ്റ്റഡ് പംകിൻ സീഡ്സ് വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതേയുള്ളൂ.

ഇതിന് വേണ്ടി മത്തൻ മുറിക്കുമ്പോള്‍ കിട്ടുന്ന വിത്തുകളെല്ലാം കഴുകിയെടുത്ത ശേഷം ആദ്യം ഉണക്കിയെടുക്കുക. വെയിലില്‍ ഉണക്കിയെടുത്താല്‍ മതി. ശേഷം അല്‍പം ഒലിവ് ഓയില്‍, കോക്കനട്ട് ഷുഗര്‍, കുരുമുളക്, ഉപ്പ് എന്നിവ ചേര്‍ത്ത് ഓവനിലോ എയര്‍ ഫ്രയറിലോ റോസ്റ്റ് ചെയ്തെടുക്കാം.

എയര്‍ ഫ്രയറില്‍ റോസ്റ്റ് ചെയ്യുമ്പോള്‍ നാല് മിനുറ്റ് നേരത്തേക്ക് 360 ഡിഗ്രിയില്‍ എയര്‍ ഫ്രയര്‍ പ്രീഹീറ്റ് ചെയ്യണം. ശേഷം സീഡ്സ് 15-16 മിനുറ്റ് നേരം എയര്‍ ഫ്രൈ ചെയ്തെടുക്കാവുന്നതാണ്. ഇടയ്ക്ക് സീഡ്സ് വച്ചിരിക്കുന്ന പാത്രം ചെറുതായി ഒന്ന് ഇളക്കിക്കൊടുക്കണം. റെഗുലര്‍ ഓവനാണ് റോസ്റ്റ് ചെയ്യാൻ ഉപയോഗിക്കുന്നതെങ്കില്‍ 350യില്‍ 18-20 മിനുറ്റ് നേരം കൊണ്ട് റോസ്റ്റ് ചെയ്തെടുക്കാം. ഇനി എയര്‍ ഫ്രയറോ, ഓവനോ ഇല്ലെങ്കില്‍ പാനിലും മത്തൻ കുരു വറുത്തെടുത്ത് കഴിക്കാം. നനവില്ലാത്ത പരിസരങ്ങളില്‍ വൃത്തിയായി സൂക്ഷിക്കാൻ സാധിച്ചാല്‍ ദിവസങ്ങളോളം ഇത് ഉപയോഗിക്കുകയും ചെയ്യാം.