പുൽവാമ ഭീകരാക്രമണം ; ഇന്ന് ഇന്ത്യ ‘ബ്ലാക്ക് ഡേ’ ആചരിക്കുന്നു

 പുൽവാമ ഭീകരാക്രമണം ; ഇന്ന് ഇന്ത്യ ‘ബ്ലാക്ക് ഡേ’ ആചരിക്കുന്നു

രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് നാല് വർഷം. രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞ അനേകം സൈനികരുടെ വേദനിപ്പിക്കുന്ന ഓർമയിൽ രാജ്യം ഇന്ന് ‘ബ്ലാക്ക് ഡേ’ ആയി ആചരിക്കുന്നു. 2019 ഫെബ്രുവരി 14 നാണ് രാജ്യത്തെ ഒട്ടാകെ കണ്ണീരിലാഴ്ത്തിക്കൊണ്ട് പുൽവാമയിൽ ഭീകരാക്രമണം നടന്നത്. ഭാരത മണ്ണിന് കാവലായിരുന്ന 40 ധീര ജവാന്മാരെയാണ് അന്ന് ഭാരതത്തിന് നഷ്ടമായത്.

ജമ്മു കാശ്മീരിൽ പുൽവാമ ജില്ലയിലെ അവാന്തിപുരക്കടുത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്കു നേരെ 2019 ഫെബ്രുവരി പതിനാലാം തീയതി, തീവ്രവാദികൾ മനുഷ്യബോംബ് ആക്രമണം നടത്തുകയുണ്ടായി. 49 സി.ആർ.പി.എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്താനിലെ തീവ്രവാദ സംഘടനയായ ജെയ്‌ഷ് ഇ മൊഹമ്മദ് ഏറ്റെടുത്തിരുന്നു.

ഏകദേശം 2500 ഓളം വരുന്ന കേന്ദ്ര റിസർവ്വ് പോലീസ് സേനയിലെ സൈനികർ, 2019 ഫെബ്രുവരി 14-ന്, 78 ബസ്സുകളിലായി ജമ്മുവിൽ നിന്നും ശ്രീനഗറിലേക്ക് ദേശീയപാത 44-ലൂടെ സഞ്ചരിക്കുകയായിരുന്നു. ഇന്ത്യൻ പ്രാദേശിക സമയം 3.30-നോടുകൂടിയാണു സംഘം ജമ്മുവിൽ നിന്നും യാത്ര തിരിച്ചത്. വൈകിട്ടോടെ അവർ ശ്രീനഗറിൽ എത്തിച്ചേരേണ്ടതായിരുന്നു. അവാന്തിപുരക്കടുത്തുള്ള ലെത്തപ്പോരയിൽ വച്ച് സ്ഫോടകവസ്തുക്കൾ നിറച്ച ഒരു മഹീന്ദ്ര സ്കോർപിയോ, സൈനിക വാഹനവ്യൂഹത്തിലേക്ക് അക്രമി ഇടിച്ചു കയറ്റുകയായിരുന്നു. തൽക്ഷണം 49 സൈനികർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് ഈ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവധി കഴിഞ്ഞ് ഉദ്യോഗത്തിൽ തിരികെ പ്രവേശിക്കാൻ എത്തിയവരായിരുന്നു കൊല്ലപ്പെട്ടവരിൽ ഏറേയും.

പാകിസ്താനിലെ തീവ്രവാദ സംഘടനയായ ജെയ്‌ഷ് ഇ മൊഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. മനുഷ്യബോംബായിരുന്ന ആദിൽ അഹമ്മദ് ദർ എന്ന തീവ്രവാദിയുടെ വീഡിയോയും അവർ പുറത്തു വിട്ടു. ഈ തീവ്രവാദ ആക്രമണത്തിൽ ജെയ്ഷ് ഇ മൊഹമ്മദിന്റെ പങ്ക് പാകിസ്താൻ തള്ളിക്കളഞ്ഞു. വീരമൃത്യു വരിച്ചവരിൽ വയനാട് ലക്കിടി സ്വദേശി വി വി വസന്തകുമാറുമുണ്ടായിരുന്നു. പുൽവാമ ഭീകരാക്രമണത്തിന് ശേഷം 12-ാം ദിനം. ഇതിനു തിരിച്ചടിയായി ഇന്ത്യ പാകിസ്താനെതിരെ ഫെബ്രുവരി 26-ന് ബാലാക്കോട്ടിലെ ഭീകരതാവളങ്ങളിൽ വ്യോമാക്രമണം നടത്തിയിരുന്നു. നേതാക്കളടക്കം നിരവധി ഭീകരർ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. നിരവധി ഭീകര ക്യാമ്പുകളും ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിൽ തകർന്നടിഞ്ഞു.

അന്താരാഷ്ട്ര തലത്തിൽ പാകിസ്ഥാൻ വിമർശനം നേരിട്ട സംഭവമായിരുന്നു പുൽവാമ ഭീകരാക്രമണം. മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമന്ന വർഷങ്ങളായുള്ള ഇന്ത്യയുടെ ആവശ്യം പുൽവാമയ്ക്കും ബാലാക്കോട്ടിനും പിന്നാലെ സാധ്യമായി. 2019 മേയ് 1-ന് ഐക്യരാഷ്ട്ര സംഘടന (യുഎൻ) മസൂദ് അസ്ഹറിനെ ഭീകരനായി പ്രഖ്യാപിച്ചതോടെ, ഭീകരതയ്ക്കെതിരെ പ്രത്യക്ഷ നടപടിക്ക് പാക്കിസ്ഥാനും നിർബന്ധിതമായി. 10 വർഷമായി പാക്ക് ഭീകരതയ്ക്കെതിരെ ഇന്ത്യ നടത്തുന്ന നയതന്ത്ര യുദ്ധത്തിന്റെ കൂടി വിജയമായിരുന്നു യുഎൻ രക്ഷാസമിതി തീരുമാനം.