ഇന്ത്യയിലെ ദാരിദ്ര്യം 10 ശതമാനം കുറഞ്ഞെന്ന് നീതി ആയോഗ്
കഴിഞ്ഞ അഞ്ച് വർഷത്തിൽ രാജ്യത്തെ ദാരിദ്ര്യം 10 ശതമാനം കുറഞ്ഞെന്ന് പഠനം. രാജ്യത്തെ ആകെ ജനസംഖ്യയുടെ 10 ശതമാനത്തോളം, അതായത് 13.5 കോടിയിലധികം പേർ ബഹുവിധ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയെന്നാണ് നീതി ആയോഗ് പുറത്തുവിട്ട പഠനം സൂചിപ്പിക്കുന്നത്. 2015-16 മുതൽ 2021 മാർച്ച് വരെയുള്ള കണക്കാണ് പഠനത്തിലുള്ളത്.
ഇക്കാലയളവിൽ രാജ്യത്തെ ആകെ ദരിദ്രരുടെ എണ്ണം 25 ശതമാനത്തിൽ നിന്ന് 15 ശതമാനമായി കുറഞ്ഞു. ഉത്തർ പ്രദേശാണ് പട്ടികയിൽ മുന്നിലുള്ളത്. യുപിയിൽ 34 ലക്ഷത്തിലധികം പേർ ദാരിദ്ര്യത്തിൽ നിന്ന് കരകയറി. ബീഹാർ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ അടുത്ത സ്ഥാനങ്ങളിലുണ്ട്. കേരളം, തമിഴ്‌നാട്, ഡൽഹി, ഗോവ എന്നിവിടങ്ങളിലാണ് ഏറ്റവും കുറവ് ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയത്. രാജ്യത്ത് ഏറ്റവും കുറവ് ദാരിദ്ര്യമുള്ള സംസ്ഥാനമാണ് കേരളം.