തേക്കിൻകാട് മൈതാനിയെ ജനസാഗരമാക്കി തൃശൂരിന്റെ പൂരാവേശം
തേക്കിൻകാട് മൈതാനിയെ ജനസാഗരമാക്കി തൃശൂരിന്റെ പൂരാവേശം. വടക്കുംനാഥന് മുന്നിൽ തെക്കേനടയിൽ 30 ഗജവീരന്മാർ മുഖാമുഖം നിരന്നുനിന്ന് കുടമാറ്റത്തിന് തുടക്കമായി. വിവിധ വർണ്ണങ്ങളിലും രൂപഭംഗിയിലുമുള്ള കുടകൾ മത്സരിച്ചുയർത്തുന്ന കാഴ്ചകാണാൻ പതിനായിരക്കണക്കിന് ആളുകളാണ് കണ്ണുചിമ്മാതെ കാത്തുനിൽക്കുന്നത്. 50 ഓളം വീതം കുടകളാണ് ഇരുവിഭാഗത്തിന്റെയും കൈയ്യിലുള്ളത്. തിരുവമ്പാടിയും പാറമേക്കാവും മത്സരിച്ചാണ് കുടമാറ്റിക്കൊണ്ടിരിക്കുന്നത്.
ഏതാണ് മികച്ചതെന്ന് പറയാനാകാത്ത വിധം മനോഹരമാണ് ഇരു വിഭാഗത്തിന്റെയും കുടകൾ. നിറങ്ങളുടെ ഈ മത്സരത്തിന് മാറ്റുകൂട്ടാൻ സ്പെഷ്യൽ കുടകളും ഇരുവിഭാഗത്തിന്റെയും ആവനാഴിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഗുരുവായൂർ നന്ദനാണ് പാറമേക്കാവിന്റെ ഗജനിരയെ നയിക്കുന്നത്. തിരുവമ്പാടിയുടെ തിടമ്പേറ്റുന്നത് തിരുവമ്പാടി ചന്ദ്രശേഖരനാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവായതോടെ റെക്കോഡ് ജനക്കൂട്ടമാണ് തേക്കിൻകാട് മൈതാനത്തേക്ക് ഒഴുകിയെത്തുന്നത്. നഗരത്തില്‍ സുരക്ഷയ്ക്ക് 4100 പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.