ഇനി പൂജാ ബമ്പർ
ഓണം ബമ്പർ നറുക്കെടുപ്പിന് പിന്നാലെ പുതിയ ബമ്പർ പ്രഖ്യാപിച്ച് ലോട്ടറി വകുപ്പ്. ഈ വർഷത്തെ പൂജാ ബമ്പറിന്റെ ടിക്കറ്റ് പ്രകാശനം മന്ത്രി കെഎൻ ബാലഗോപാൽ നിർവഹിച്ചു. കഴിഞ്ഞ വർഷം മുതൽ ബമ്പർ സമ്മാനത്തുകകളിൽ വൻ വർദ്ധനവാണ് സർക്കാർ വരുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ കഴിഞ്ഞ വർഷം 10 കോടി ആയിരുന്ന പൂജാ ബമ്പറിന്റെ ഒന്നാം സമ്മാനം ഇത്തവണ 12 കോടിയാണ്.
ടിക്കറ്റ് വിലയിലും വർദ്ധനവ് ഉണ്ട്. 300 രൂപയാണ് ഇത്തവണ പൂജാ ബമ്പർ ടിക്കറ്റ് വില. കഴിഞ്ഞ വർഷം ഇത് 250 രൂപ ആയിരുന്നു. രണ്ടാം സമ്മാനം ഒരു കോടി വീതം നാല് പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ(ഒരു സീരീസിന് രണ്ട് സമ്മാനം എന്ന നിലയിൽ 10 പേർക്ക്), മൂന്ന് ലക്ഷം വീതം അഞ്ച് പേർക്കാണ് നാലാം സമ്മാനം(ഒരു പരമ്പര). അഞ്ചാം സമ്മാനം 2 ലക്ഷം. കൂടാതെ 5000,1000,500,300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്. നവംബര്‍ 22ന് നറുക്കെടുപ്പ് നടക്കും.