കേരള പൊലീസിന്‍റെ നേതൃത്വത്തില്‍ ‘ഡി ഡാഡ്’

 കേരള പൊലീസിന്‍റെ നേതൃത്വത്തില്‍ ‘ഡി ഡാഡ്’

മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനും ഇന്‍റര്‍നെറ്റ് ആഭിമുഖ്യത്തിനും അടിമപ്പെട്ട കുട്ടികളുടെ രക്ഷക്കായി സംസ്ഥാനത്ത് ഡിജിറ്റല്‍ ഡി- അഡിക്ഷന്‍ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു. രാജ്യത്ത് ആദ്യമായാണ് ഡിജിറ്റല്‍ അഡിക്ഷന് ഒരു വിമുക്തി കേന്ദ്രം തുടങ്ങുന്നത്. ഡി -ഡാഡ് എന്ന പേരില്‍ കേരള പൊലീസിന് കീഴിലാണ് പദ്ധതി. കുട്ടികള്‍ മൊബൈല്‍ ഉപയോഗത്തിന് അടിമകളാകുന്നതും കുട്ടികളിലെ മൊബൈല്‍ ഉപയോഗവും ആശങ്ക ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.

രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ മൊബൈല്‍ ഉപയോഗിക്കുന്നത് കേരളത്തിലാണ്. കേരളത്തിലെ ജനസംഖ്യയുടെ അറുപത് ശതമാനം പേര്‍ ഇവിടെ രണ്ട് മൊബൈല്‍ ഫോണുകളോ രണ്ട് സിംകാര്‍ഡുകളോ ഉപയോഗിക്കുന്നുവെന്നാണ് കണക്കുകള്‍. ഇന്‍റര്‍നെറ്റിനോടുള്ള അമിതാഭിമുഖ്യത്തിലും മലയാളികള്‍ മുന്നിലാണ്. പ്രത്യേകിച്ച് കുട്ടികള്‍.

കുട്ടികളെ മൊബൈലിലേക്കും ഇന്‍റര്‍നെറ്റിലേക്കും കൂടുതല്‍ അടുപ്പിച്ചത് കൊവിഡ് കാലത്തെ ലോക്ഡൌണ്‍ ആണെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്. പഠനാവശ്യത്തിന് കൂടി ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് തുടങ്ങിയതോടെ മൊബൈല്‍ ഫോണ്‍ ഉപയോഗം ശീലമായി. അമിതോപയോഗം കുട്ടികളെ രോഗികളാക്കിയെന്നും സൈക്യാട്രിസ്റ്റ് കൂടിയായ സുരേഷ് കുമാര്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കുട്ടികള്‍ മാത്രമാണോ കുറ്റക്കാരല്ലെന്നും വിദഗ്ധര്‍ പറയുന്നു.

ഗുരുതരമായ ഈ സാഹചര്യം മനസിലാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ ഡിജിറ്റല്‍ ഡിഅഡിക്ഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചത്. കേരളപൊലീസിനാണ് ചുമതല. ആദ്യഘട്ടത്തില്‍ കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഡി-ഡാഡ് കേന്ദ്രങ്ങള്‍ ആരംഭിക്കുക.