ചൊവ്വയിൽ വറ്റിപ്പോയ മഹാസമുദ്രം; തെളിവുകളുമായി ശാസ്ത്രജ്ഞർ
ചൊവ്വയിൽ ആദിമകാലത്ത് സ്ഥിതി ചെയ്തിരുന്ന മഹാസമുദ്രത്തിന്റെ തെളിവുകൾ കണ്ടെത്തി ശാസ്ത്രജ്ഞർ. പ്രാചീനകാലത്ത് ഇവിടെ ജീവനുണ്ടായിരുന്നിരിക്കാമെന്ന സാധ്യതകളിലേക്കു വിരൽചൂണ്ടുന്നതാണ് ഈ കണ്ടെത്തലെന്ന് വിലയിരുത്തപ്പെടുന്നു. ചൊവ്വയുടെ ഉപരിതല ഗ്രഹഘടനയുടെ ഉപഗ്രഹചിത്രങ്ങൾ പരിശോധിച്ച് വിലയിരുത്തിയാണ് ഈ കണ്ടെത്തലിലേക്ക് ശാസ്ത്രജ്ഞർ എത്തിയത്.
ചൊവ്വയുടെ വടക്കൻ പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന താഴ്ന്ന ഇടങ്ങളുടെയും തെക്കൻ പ്രദേശങ്ങളിൽ നിലകൊള്ളുന്ന ഉയർന്ന മേഖലകളുടെയും ഇടയ്ക്കുള്ള അതിർത്തിയാണ് ഏയോലിസ് ഡോർസ എന്ന മേഖല. ഈ മേഖല പണ്ടത്തെ സമുദ്രതീരമാണെന്ന് കണ്ടെത്തിയതായി ശാസ്ത്രജ്ഞർ പറയുന്നു. യുഎസിലെ പെൻസിൽവേനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകസംഘമാണ് പഠനം നടത്തിയത്. ഏയോലിസ് ഡോർസ 350 കോടിയിലധികം വർഷം പഴക്കമുള്ള മേഖലയാണ്.
പഴയകാലത്ത് അടിഞ്ഞുകൂടിയ ധാതുനിക്ഷേപങ്ങളും മറ്റും ഇവിടെയുണ്ടെന്നതിനുള്ള തെളിവും കിട്ടിയിട്ടുണ്ട്. ഇവിടെയുണ്ടായിരുന്ന ആദിമ മഹാസമുദ്രം വളരെ പ്രക്ഷുബ്ധമായിരുന്നെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഇതിന്റെ ജലനിരപ്പ് ഇടവിട്ട് ഉയർന്നുകൊണ്ടിരുന്നു. ശക്തിയേറിയ തിരമാലകൾ തീരത്തേക്ക് കല്ലുകളും ധാതുക്കളും അടിച്ചുകയറ്റി. നാസാ ദൗത്യമായ മാർസ് ഗ്ലോബൽ സർവേയറിലുള്ള മാർസ് ഓർബിറ്റർ ആൾട്ടിമീറ്റർ ശേഖരിച്ച ചിത്രങ്ങൾ വിലയിരുത്തിയാണ് ശ്രദ്ധേയമായ കണ്ടെത്തലിലേക്ക് ശാസ്ത്രജ്ഞർ എത്തിച്ചേർന്നത്.