തലയിണ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം; എന്തുകൊണ്ടെന്ന് അറിയൂ…
നിത്യജീവിതത്തില്‍ നേരിടുന്ന ആരോഗ്യപ്രശ്നങ്ങളുടെ കൂട്ടത്തില്‍ മിക്കവരും പങ്കിടുന്നൊരു പ്രശ്നമാണ് മുടി കൊഴിച്ചില്‍, അല്ലെങ്കില്‍ മുടി പൊട്ടല്‍ എല്ലാം. ഹോര്‍മോണ്‍ വ്യതിയാനം മുതല്‍ കാലാവസ്ഥ വരെ വിവിധ കാരണങ്ങള്‍ ഇവയിലേക്കെല്ലാം നമ്മെ നയിക്കാം.
എങ്കിലും ചില കാര്യങ്ങള്‍ പതിവായി ശ്രദ്ധിക്കുന്നത് മൂലം ഒരു പരിധി വരെ മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നമുക്ക് പരിഹരിക്കാവുന്നതേയുള്ളൂ. ഇത്തരത്തില്‍ മുടി പൊട്ടലുണ്ടാകാതിരിക്കാൻ ചെയ്യാവുന്ന കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്…
മുടി കണ്ടീഷനിംഗ് ചെയ്യുമ്പോള്‍ അത് നല്ലതുപോലെ ആഴത്തില്‍ ചെയ്യാൻ ശ്രമിക്കുക. ഇത് മുടിയില്‍ കേടുപാടുകളുണ്ടാകുന്നത് തടയും. മുടി സോഫ്റ്റ് ആയി വരാനും പൊട്ടലുണ്ടാകാതിരിക്കാനുമെല്ലാം ഇത് സഹായിക്കും.
രണ്ട്…
മുടിയില്‍ അധികമായി ചൂട് കടത്തുന്നത് മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. അതിനാല്‍ കഴിയുന്നതും ചൂട് കടത്തുന്ന ഉപകരണങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യുക.
മൂന്ന്…
നമ്മുടെ മുടിയുടെ ഘടന എത്തരത്തിലുള്ളതാണോ അതിന് യോജിക്കും വിധത്തിലുള്ള ഷാമ്പൂ വേണം തെരഞ്ഞെടുത്ത് ഉപയോഗിക്കാൻ. അല്ലാത്തപക്ഷം അത് മുടിയുടെ ആരോഗ്യത്തെ നെഗറ്റീവായ രീതിയില്‍ ബാധിക്കും. ഡ്രൈ ആയ മുടിയാണെങ്കില്‍ ഇതിന് യോജിക്കുന്ന ഷാമ്പൂ മനസിലാക്കി, ഉപയോഗിക്കേണ്ട വിധം ഉപയോഗിക്കുക.
നാല്…
പരുക്കനായ ടവലുകളുപയോഗിച്ച് മുടി തോര്‍ത്തുന്നതും മുടി പൊട്ടുന്നതിനും മുടിയുടെ സ്വാഭാവിക തിളക്കം മങ്ങുന്നതിനുമെല്ലാ ഇടയാക്കും. അതിനാല്‍ കഴിയുന്നതും മൃദുലമായ പഴയ ടീഷര്‍ട്ടുകള്‍ കൊണ്ടൊക്കെ മുടി കെട്ടിവച്ചും മറ്റും ഈര്‍പ്പം വലിച്ചെടുക്കാനാണ് ശ്രമിക്കേണ്ടത്. ബലം പ്രയോഗിച്ച് മുടി തുടയ്ക്കുകയേ അരുത്.
അഞ്ച്…
മുടി ഇടയ്ക്കിടെ വെട്ടിയിട്ടില്ലെങ്കിലും അതും മുടി പൊട്ടുന്നതിനും മുടിയുടെ ഭംഗി നഷ്ടപ്പെടുന്നതിനും ഇടയാക്കും.
ആറ്…
മുടിയില്‍ അനാവശ്യമായി പല ഉത്പന്നങ്ങളും ഉപയോഗിക്കാതിരിക്കുക. ഹെയര്‍ കളറും അമിതമാകേണ്ട. ഇവയെല്ലാം മുടിയെ നശിപ്പിക്കുകയേ ഉള്ളൂ.
ഏഴ്…
മുടി തിളക്കം നഷ്ടപ്പെടുകയോ, പരുക്കനാവുകയോ, പൊട്ടുകയോ ചെയ്യുന്നത് പതിവാണെങ്കില്‍ നിങ്ങള്‍ ആദ്യം ചെയ്യേണ്ട ഒന്നുണ്ട്. പതിവായി ഉപയോഗിക്കുന്ന തലയിണയുടെ കവര്‍ മാറ്റിനോക്കുക. കഴിയുന്നതും സില്‍ക്കിയായ കവര്‍ തലയിണയ്ക്ക് ഇടുക. ഇത് മുടിയുരഞ്ഞ് തിളക്കം നഷ്ടപ്പെടുന്നതോ പൊട്ടുന്നതോ എല്ലാം തടയുന്നു.