രോഗി മരിച്ചു; ഡോക്ടർ മുങ്ങി
കാഞ്ഞങ്ങാട്ട് ശസ്ത്രക്രിയക്കിടെ യുവതി മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം. ഡോക്‌ടർമാരുടെ വീഴ്ചയാണ് ഗര്‍ഭ പാത്രത്തിലെ പാട നീക്കല്‍ ശസ്ത്രക്രിയയ്ക്കായി ചൊവ്വാഴ്ച രാവിലെ കാഞ്ഞങ്ങാട്ടെ ശശിരേഖ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച ചെറുവത്തൂർ സ്വദേശിനി നയന മരിക്കാൻ കാരണമെന്നാണ് ആരോപണം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ശസ്ത്രക്രിയയ്ക്കിടെ ഗുരുതര നിലയിലായ യുവതിയെ ഡോക്ടറുടെ നിർദ്ദേശപ്രകാരണം ഉടന്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിന്റെ യാത്രാമധ്യേയാണ് യുവതി മരിച്ചത്.
ചികിത്സാ പിഴവിനെ തുടർന്നാണ് യുവതി മരിച്ചതെന്നും മംഗളൂരുവിൽ യുവതിയുടെ മരണം സ്ഥിരീകരിച്ചതിന് ശേഷം ആംബുലൻസിലുണ്ടായിരുന്ന ഡോക്ടർ മുങ്ങിയെന്നും ബന്ധുക്കൾ പരാതിപ്പെടുന്നു. എന്നാൽ, ശസ്ത്രക്രിയക്കിടെയുണ്ടായ ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.